പൂരം അലങ്കോലപ്പെടൽ; 'റിപ്പോർട്ട് വൈകിയത് അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം പ്രസക്തം';സി.പി.ഐ

പൂരം അലങ്കോലപ്പെടുത്തുന്നതിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പൊതുസമൂഹത്തിൽ ശക്തമാണെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.

author-image
Greeshma Rakesh
New Update
adgp

adgp mr ajith kumar

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിൻറെ അന്വേഷണ റിപ്പോർട്ട് വൈകിയത് അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം പ്രസക്തമാണെന്ന് സി.പി.ഐ. അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല. അന്വേഷണമേ നടന്നിട്ടില്ലെന്ന് പൊലീസിൽനിന്നും വിവരാവകാശരേഖയ്ക്ക് മറുപടി നൽകുകയും തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സസ്പെൻഷനിലാകുകയും ചെയ്തു. ഈ നാടകങ്ങൾക്ക് വിരാമമിട്ടാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു.

മുഖ്യമന്ത്രി നൽകിയ അന്തിമ സമയപരിധിയാണ് ഇപ്പോഴെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ വഴിയൊരുക്കിയതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാതിരിക്കുന്നതിലും അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണ്. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടുംവരെ പ്രസക്തമാണ്.

റിപ്പോർട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി മാധ്യമങ്ങൾ ഇതിനകം പുറത്തുകൊണ്ടുവന്ന വിവരങ്ങൾ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയം ജനിപ്പിക്കുന്നു. പൂരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പൊലീസ് അധികാരശ്രേണിയിൽ താരതമ്യേന ഇളമുറക്കാരനായ കമ്മിഷണറും പൂരം നടത്തിപ്പുകാരായ ദേവസ്വങ്ങളുമാണെന്ന ധാരണയാണ് റിപ്പോർട്ട് നൽകുന്നതെന്നാണ് മാധ്യമവാർത്തകൾ നൽകുന്ന സൂചന. വാർത്തകൾ ശരിയാണെങ്കിൽ എഡിജിപിയുടെ റിപ്പോർട്ട് വസ്തുതകളെ പൂർണമായി പുറത്തുകൊണ്ടുവരാൻ വിസമ്മതിക്കുന്നതായി വേണം കരുതാൻ -മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

പൂരം അലങ്കോലപ്പെടുത്തുന്നതിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പൊതുസമൂഹത്തിൽ ശക്തമാണെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു. ആ സംശയത്തിന് ശക്തിപകരുന്ന പല വസ്തുതകളും പൊതുമണ്ഡലത്തിൽ ലഭ്യവുമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

 

 

CPI Thrissur Pooram ADGP MR Ajith Kumar