/kalakaumudi/media/media_files/2025/10/24/binoyy-2025-10-24-15-17-18.jpg)
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോടും ചര്‍ച്ച ചെയ്യാതെയാണ് ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതെന്നും പിഎം ശ്രീയെക്കുറിച്ച് സിപിഐയും മറ്റു ഘടകക്ഷികളും ഇരുട്ടിലാണെന്നും ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ദേശീയ പ്രാധാന്യമുള്ള ഉടമ്പടിയില്‍ പങ്കാളികളാകുമ്പോള്‍ അതില്‍ എന്താണെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും, ഇതല്ല എല്‍ഡിഎഫിന്റെ ശൈലിയെന്നും ഇതാകരുത് എല്‍ഡിഎഫിന്റെ ശൈലിയെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെ വഴിയല്ലാ ഇതെന്നും, തിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വര്‍ഗീയ ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഇരുട്ടിനെതിരായി കേരളത്തില്‍ കൊളുത്തിയ ദീപമാണ് എല്‍ഡിഎഫെന്നും അതുകൊണ്ടാണ് ഇന്ത്യന്‍ മതേതരത്വം അതിനെ പ്രതീക്ഷയോടെ കാണുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. എന്‍ഇപിയില്‍ പാഠ്യ പദ്ധതി മാറ്റില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാക്ക് പോസിറ്റീവായി കാണുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള ഒരു നീക്കത്തെയും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട ഫണ്ട് തടഞ്ഞുവച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണിതെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. നമ്മുടെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
