ഗുരുതര ആരോപണങ്ങളിലുള്‍പ്പെടെ അന്വേഷണം നേരിടുന്ന എംആര്‍ അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതിനെതിരേ എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ രംഗത്ത്.
എംആര്‍ അജിത് കുമാറിന് ഡിജിപി റാങ്ക് നല്‍കിയത് രാഷ്ട്രീയമായി ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എല്ലാ സാങ്കേതിക ശരികളും രാഷ്ട്രീയ ശരികളല്ല. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കരുതെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ല. സര്‍വീസ് അര്‍ഹതയെ അംഗീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞു. എംആര്‍ അജിത് കുമാറിന്റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയാണെന്നായിരുന്നു മന്ത്രി ജിആര്‍ അനിലിന്റെ പ്രതികരണം. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എംആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, ആര്‍എസ്എസ് ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥനാണ് എഡിജിപി അജിത് കുമാര്‍. മന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.