അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐ

2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലിം ലീഗിന് വില്‍പന നടത്തിയെന്നായിരുന്നു ആരോപണം. 2011 ല്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ നേതൃത്വത്തില്‍ 25 ലക്ഷം രൂപയ്ക്ക് മുസ്ലിം ലീഗിന് വിറ്റുവെന്നും ആരോപിച്ചിരുന്നു.

author-image
Anagha Rajeev
New Update
pv anwar mla ldf

തിരുവനന്തപുരം: അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐ. തിരുവനന്തപുരം ആനയറ സ്വദേശിയും സിപിഐ അഭിഭാഷക സംഘടന നേതാവുമായ എസ്എസ് ബാലുവാണ് നോട്ടീസ് അയച്ചത്. അന്‍വര്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെയാണ് സിപിഐ നിയമനടപടിയുമായി നീങ്ങിയത്.

2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലിം ലീഗിന് വില്‍പന നടത്തിയെന്നായിരുന്നു ആരോപണം. 2011 ല്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ നേതൃത്വത്തില്‍ 25 ലക്ഷം രൂപയ്ക്ക് മുസ്ലിം ലീഗിന് വിറ്റുവെന്നും ആരോപിച്ചിരുന്നു. അടിസ്ഥാന രഹിതവും വ്യാജവുമായ ഈ ആരോപണം പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവമതിപ്പും മാനഹാനിയും ഉണ്ടാക്കിയതായി നോട്ടീസില്‍ പറയുന്നു. 15 ദിവസത്തിനകം വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണം തിരുത്തിയില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് നോട്ടീസിലൂടെ അറിയിച്ചത്.

PV Anwar