/kalakaumudi/media/media_files/2025/02/12/tvdhCR4p5FwsnYrMmLjo.jpg)
Pinarayi Vijayan
തിരുവനന്തപുരം:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലി അദ്ദേഹമോ പാര്‍ട്ടിയോ തിരുത്തണം; അതു സാധിക്കുന്നില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി മാറി നില്‍ക്കുന്നതാകും നല്ലത്'. തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വി വിലയിരുത്തിയ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഈ കടുത്ത ആവശ്യം വരെ ഉയര്‍ന്നു.
പിണറായിയുടെ ശൈലിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. പിണറായി- വെള്ളാപ്പള്ളി സഖ്യം ന്യൂനപക്ഷത്തെ അകറ്റി. ഭൂരിപക്ഷ വോട്ട് കിട്ടുമെന്നു വിചാരിച്ചാകും രണ്ടുപേരും കൂടി ഇതെല്ലാം ചെയ്തത്. അതൊട്ടു കിട്ടിയില്ല; ന്യൂനപക്ഷം ശത്രുക്കളുമായി. എല്ലാം പിണറായി തിരുമാനിക്കുന്നതു കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്.
ഈ ശൈലി തിരുത്തണമെന്നു പറയാന്‍ സിപിഎമ്മിനു ധൈര്യമില്ല. അവര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ സിപിഐ എങ്കിലും ചെയ്യണം. കൗണ്‍സിലില്‍ ഉയര്‍ന്ന ഈ ആവശ്യം എങ്ങനെ നടപ്പാക്കാന്‍ സാധിക്കുമെന്ന മറുചോദ്യമാണ് മറുപടിയില്‍ സെക്രട്ടറി ബിനോയ് വിശ്വം ഉന്നയിച്ചത്. 'ഇവിടെ വന്ന വിമര്‍ശനങ്ങള്‍ പലതും ശരിയാണ്. പക്ഷേ, മുഖ്യമന്ത്രിക്ക് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അതു തിരുത്തേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ്. സിപിഐക്ക് എങ്ങനെ അത് പറയാന്‍ കഴിയും? ബിനോയ് ചോദിച്ചു.
സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിനു പിന്നാലെയാണു കൗണ്‍സിലിലെയും വിമര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു കടക്കാന്‍ യോഗം തീരുമാനിച്ചു. സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലെ ചുമതലക്കാരെയും നിശ്ചയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
