/kalakaumudi/media/media_files/2025/11/25/nishad-2025-11-25-13-34-13.jpg)
തളിപ്പറമ്പ്: പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സിപിഎം സ്ഥാനാര്‍ഥിയടക്കം രണ്ടുപേര്‍ക്ക് തടവുശിക്ഷ. പയ്യന്നൂര്‍ നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡിവൈഎഫ്‌ഐ നേതാവുമായ വെള്ളൂര്‍ കാറമേലിലെ വി.കെ.നിഷാദ് (35), അന്നൂരിലെ ടി.സി.വി.നന്ദകുമാര്‍ (35) എന്നിവര്‍ക്കെതിരേയാണ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായി 20 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ ഇരുവരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.
കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ വെള്ളൂര്‍ ആറാംവയലിലെ എ.മിഥുന്‍ (36), ആലിന്‍കീഴില്‍ കുനിയേരിയിലെ കെ.വി.കൃപേഷ് (38) എന്നിവരെ വെറുതേ വിട്ടിരുന്നു.
2012 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. അരിയിലെ എംഎസ്എഫ് നേതാവ് ഷൂക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്. ശിക്ഷാവിധി ഒന്നാം പ്രതി നിഷാദിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.
നിഷാദ് ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും നിലവില്‍ പയ്യന്നൂര്‍ കാറമേല്‍ വെസ്റ്റ് കൗണ്‍സിലറുമാണ്. ഇത്തവണ മൊട്ടമ്മല്‍ വാര്‍ഡില്‍നിന്നാണ് മത്സരിക്കുന്നത്. പത്രിക നല്കുന്ന സമയത്ത് ശിക്ഷ വിധിക്കാത്തതിനാല്‍ മത്സരിക്കുന്നതിന് തടസ്സമില്ല. ഇവിടെ ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സിപിഎം വെള്ളൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയംഗം എം.ഹരീന്ദ്രന്‍ പത്രിക പിന്‍വലിച്ചിട്ടില്ല. നിഷാദിന് മത്സരിക്കാന്‍ തടസ്സമുണ്ടായാല്‍ സ്ഥാനാര്‍ഥിയില്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
