പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന്; പത്മകുമാറിന് നിര്‍ണായകം

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്ന് ചേരാനിരിക്കേ, യോഗത്തില്‍ പത്മകുമാറിനെതിരെ നടപടി ആവശ്യമുയരും എന്നാണ് കരുതുന്നത്.

author-image
Biju
New Update
padmkumar

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കുറ്റാരോപിതനായി അറസ്റ്റിലായ പ്രതി പത്മകുമാറിനെതിരെ സിപിഎം ഇന്ന് നടപടിയെടുത്തേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്ന് ചേരാനിരിക്കേ, യോഗത്തില്‍ പത്മകുമാറിനെതിരെ നടപടി ആവശ്യമുയരും എന്നാണ് കരുതുന്നത്. കേസില്‍ എ.പത്മകുമാര്‍ പിടിയിലായ ശേഷം നടക്കുന്ന ആദ്യ ജില്ലാ കമ്മിറ്റി യോഗമാണ് ഇന്നത്തേത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അജണ്ടയാക്കിയുള്ളതാണ് യോഗമെങ്കിലും പത്മകുമാറുമായി ബന്ധപ്പെട്ട വിവാദം കൂടി ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയംഗമാണ് പത്മകുമാര്‍.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് തെരഞ്ഞെടുപ്പ് കാലത്ത് സമാനതകളില്ലാത്ത സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ പത്മകുമാര്‍ ഒരു കാലത്ത് പിണറായി പക്ഷത്തെ ശക്തനായ നേതാവായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കെ ഇദ്ദേഹം നടത്തിയ അനധികൃത ഇടപെടലുകളുടെ വിവരങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് അറസ്റ്റുണ്ടായത്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന നിലപാടിലായിരുന്നു പത്മകുമാര്‍. ഇതോടെ പാര്‍ട്ടിയില്‍ അനഭിമതനായി മാറുകയും ചെയ്തു. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് പിണങ്ങിയിറങ്ങിപ്പോയ ഇദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായാണ് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിവാദത്തില്‍ ഇദ്ദേഹത്തിനെതിരെ ഉടന്‍ നടപടി വേണമെന്നാണ് ജില്ലയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. അതേസമയം കുറ്റം തെളിഞ്ഞ ശേഷം നടപടി മതിയെന്ന അഭിപ്രായവും പാര്‍ട്ടിക്കകത്തുണ്ട്.