ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുത്തത്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.

author-image
Biju
Updated On
New Update
srfu

ചെന്നൈ: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസ്സല്‍ (60)  അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. 

ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി. എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ നയിച്ച് ഒട്ടേറെ തവണ പൊലീസ് മര്‍ദനത്തിന് ഇരയായി.

മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു.

ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


എ.വി. റസ്സലിന്റെ മൃതദേഹം നാളെ രാവിലെ 9 മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും. ഉച്ചയോടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.

 

kottayam cpim cpimkerala