സ്ഥാനാര്‍ഥി നിര്‍ണയം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

മൂന്നാം ഭരണം തേടുന്ന എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നിര്‍ണായകമായ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്കാണ് കടക്കുന്നത്.

author-image
Biju
New Update
cpim

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയാകും. ഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്നതും ചര്‍ച്ചയാകുമെന്നാണ് സിപിഎം വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

മൂന്നാം ഭരണം തേടുന്ന എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നിര്‍ണായകമായ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്കാണ് കടക്കുന്നത്. ജില്ലകളില്‍ നിന്നുള്ള പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയില്‍ 90ശതമാനം സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.

ജില്ലാ സെക്രട്ടറിയേറ്റ് പാനലില്‍ തിരുത്തല്‍ വേണമെങ്കില്‍ അക്കാര്യം നിര്‍ദ്ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തിരികെ കൈമാറും. അധികം വൈകാതെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുക. പി ബി അംഗം എ വിജയരാഘവന്‍, കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എന്നിവരുടെ പേരുകള്‍ അതാത് ജില്ലാ സെക്രട്ടറിയേറ്റുകള്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 

മട്ടന്നൂര്‍ സീറ്റ് ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന് നിലപാട് കെ കെ ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കണ്ണൂര്‍, എ കെ ശശീന്ദ്രന്റെ എലത്തൂര്‍ ,ആന്റണി രാജു അയോഗ്യനായ തിരുവനന്തപുരം , ആര്‍ജെഡി -ജെഡിഎസ് തര്‍ക്കമുള്ള കോവളം എന്നീ സീറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉണ്ടാവും.

അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ പിണറായി വിജയന്‍ തന്നെ നയിക്കും. സംസ്ഥാന കമ്മറ്റി നല്‍കിയ നിര്‍ദേശം കഴിഞ്ഞദിവസം ചേര്‍ന്ന പിബി അംഗീകരിക്കുകയായിരുന്നു. എന്നാല്‍, സംസ്ഥാനത്ത് നിന്നുള്ള മറ്റ് പിബി അംഗങ്ങളില്‍ ആരെങ്കിലും മത്സരിക്കുമോയെന്ന് കാര്യത്തില്‍ പിബിയില്‍ ചര്‍ച്ചയുണ്ടായില്ല.