സിപിഎമ്മിന് ആർഎസ്എസുമായി ഒരു തരത്തിലുള്ള ഒത്തുതീർപ്പുമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയത് തന്നെയാണ് തനിക്കും പറയാനുള്ളത്.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരട്ടെ. തൃശൂരിൽ ഡീൽ ഉണ്ടെന്ന മട്ടിൽ സംസാരിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. തൃശൂരിൽ ഇടതുപക്ഷത്തിന് വോട്ട് വർധിക്കുകയായിരുന്നു.
എന്നാൽ, യുഡിഎഫിന് വലിയതോതിൽ വോട്ട് കുറഞ്ഞു. അത് കണ്ടുപിടിക്കാൻ ഗണിതശാസ്ത്ര അറിവിന്റെയൊന്നും ആവശ്യമില്ല. പണ്ട് തലശ്ശേരിയിൽ തെരഞ്ഞെടുപ്പ് കാലത്ത് ആർഎസ്എസ് വോട്ട് ഇടതുപക്ഷത്തിന് വേണ്ടെന്ന് ഇഎംഎസ് പറഞ്ഞതാണെന്നും എംഎ ബേബി പറഞ്ഞു.
അതേസമയം, എഡിജിപി എം ആർ അജിത്കുമാറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുണ്ടായ ഗൂഢാലോചനയിലാണ് തൃശൂർ പൂരം കലക്കിയതെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു. പ്രത്യേക അന്വേഷക സംഘത്തിന് മൊഴിനൽകിയശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ സമ്മാനമായാണ് ബിജെപിക്ക് തൃശൂർ ലോക്സഭാ സീറ്റ് ലഭിച്ചത്. അന്വേഷക സംഘത്തിന് വിശദമായ മൊഴി നൽകിയിട്ടുണ്ട്. നേരത്തെ പുറത്തുവിട്ട മൂന്ന് ഓഡിയോ ക്ലിപ്പ് ഉൾപ്പെടെ നാല് ഓഡിയോ ക്ലിപ്പുകളും കൈമാറിയെന്നും പി വി അൻവർ പറഞ്ഞു.