സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പകരം ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. ഉള്‍പ്പാര്‍ട്ടി വിഭാഗീയത, തെരുവിലേക്കിറങ്ങിയ പരസ്യ പ്രതിഷേധം എന്നിവയെ തുടര്‍ന്നാണ് നടപടി.
ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന് പിന്നാലെയാണ് സേവ് സിപിഎം പ്ലക്കാര്‍ഡുകളുമായി വിമത വിഭാഗം തെരുവില്‍ ഇറങ്ങിയത്. കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയാണെന്നും നിലവിലെ കമ്മിറ്റിക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല, പാര്‍ട്ടിയെ പ്രയാസപ്പെടുത്തിയ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധിച്ചവര്‍ക്കെതിരായ നടപടികളില്‍ പരിശോധിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ടി മനോഹരന്‍ കണ്‍വീനറായാണ് പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ് എല്‍ സജികുമാര്‍, എസ് ആര്‍ അരുണ്‍ ബാബു, പി വി സത്യദേവന്‍, എന്‍ സന്തോഷ്, ജി മുരളീധരന്‍, ബി ഇക്ബാല്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.