കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ കടുത്ത തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിച്ച് സിപിഎം ജനങ്ങളിലേക്ക് ഇറങ്ങുന്നു. പലതട്ടില്‍ ചര്‍ച്ച നടത്തിയിട്ടും തോല്‍വിയുടെ യഥാര്‍ഥ കാരണങ്ങളിലേക്ക് എത്തിയിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നത്. സര്‍ക്കാരിനെതിരേയുള്ള ജനവികാരം എന്ന നിലയില്‍ ഒഴുക്കന്‍മട്ടില്‍ പാര്‍ട്ടി കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. സര്‍ക്കാരിനെതിരേയുള്ള ജനവികാരം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. അതേസമയം യഥാര്‍ഥ കാരണങ്ങള്‍ അറിയാന്‍ ജനമനസ്സ് അറിയേണ്ടതുണ്ട്. അതിനായി ജനങ്ങളിലേക്ക് നേരിട്ടിറങ്ങി അവരെ കണ്ട് അഭിപ്രായം തേടാനാണ് മുകളില്‍നിന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി 15-ാം തീയതി മുതല്‍ 22 വരെ ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിക്കും.
വീടുകയറി ഇറങ്ങുന്നതിന് കേന്ദ്ര കമ്മിറ്റി അംഗം മുതല്‍ ബ്രാഞ്ച് കമ്മിറ്റി അംഗംവരെ ഉണ്ടാവും. വീട്ടുകാരില്ലെങ്കില്‍ അവരെ കാണുന്നതുവരെ വീണ്ടും ചെല്ലും. വെറുതേ കണ്ടുപോന്നാല്‍ പോരാ. അവരോട് ഇരുന്ന് സംസാരിക്കണം. വളരെ ഗൗരവത്തോടെ ഗൃഹസന്ദര്‍ശനത്തെ കാണണമെന്നാണ് നിര്‍ദേശം. സിപിഎം വോട്ടുകള്‍ വ്യാപകമായി മാറ്റി ചെയ്യപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അവര്‍ പറയുന്ന കാര്യങ്ങള്‍ വിലയിരുത്തി വേണ്ട തിരുത്തലുകള്‍ വരുത്തണം.
സംസ്ഥാന നേതൃത്വം നടത്തിയ വിലയിരുത്തലുകള്‍ ജില്ലാ കമ്മിറ്റികളില്‍ ചര്‍ച്ചചെയ്തശേഷം കീഴ് ഘടകങ്ങളിലേക്ക് അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ചചെയ്തു. മന്ത്രി പി. രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എട്ട്, ഒന്‍പത് തീയതികളില്‍ ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള അംഗങ്ങളെ വിളിച്ചുചേര്‍ത്ത് മേല്‍ക്കറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കും.
തോല്‍വി സംബന്ധിച്ച് പ്രാദേശികമായി ഉയര്‍ന്നിട്ടുള്ള പരാതികളും പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള സംഘടനാ ദൗര്‍ബല്യങ്ങള്‍മൂലം എവിടെയെങ്കിലും പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി പ്രത്യേകം പരിശോധിക്കും. അത്തരം പരാതികള്‍ പരിശോധിക്കാനും നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനായി രൂപവത്കരിച്ച വാര്‍ഡ് കമ്മിറ്റികളെല്ലാം അംഗത്വം പുതുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി ബ്രാഞ്ച് കമ്മിറ്റികളായാണ് പ്രവര്‍ത്തിച്ചുവരുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തീര്‍ത്ത് ബൂത്ത് കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏരിയാ കമ്മിറ്റികള്‍ മണ്ഡലം കമ്മിറ്റികളായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ഏരിയാ കമ്മിറ്റികള്‍ക്കു കീഴില്‍ ഒന്നിലധികം നിയമസഭാ മണ്ഡലങ്ങള്‍ വരുന്നിടത്ത് നേതാക്കള്‍ രണ്ട് കമ്മിറ്റികളായിട്ടായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പുവരെ പ്രവര്‍ത്തിക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
