/kalakaumudi/media/media_files/UE6QgJWsPQRPdaXccQXp.jpg)
കൊച്ചി: സിപിഎമ്മിലെ മുതിർന്ന നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ സിപിഎമ്മിനെ വളർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ് എംഎം ലോറൻസ്.
2015 മുതൽ പാർട്ടി സംസ്ഥാന സമിതിയിൽ ക്ഷണിതാവായി തുടരുന്ന എം എം ലോറൻസ് കേന്ദ്രക്കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്‌സഭാംഗം എന്നി നിലകളിൽ ദീർഘകാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15ന് ജനനം. എറണാകുളം സെന്റ് ആൽബർട്ട്‌സ് സ്‌കൂൾ, മുനവുറൽ ഇസ്ലാം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൻസ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ. 1946ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായതോടെ പഠനം ഉപേക്ഷിച്ചു.