/kalakaumudi/media/media_files/2025/07/28/v-s-achuthanandan-2025-07-28-12-47-41.jpg)
V S Achuthanandan, N N Krishnadas Photograph: (Photo: Murali Koppam)
എന്‍. എന്‍. കൃഷ്ണദാസ്
വി എസ് നിലവിലുള്ള എല്ലാ സംവിധാനങ്ങളെയും വെല്ലുവിളിച്ചു. ഒരു സംവിധാനവും സാധാരണ മനുഷ്യരുടെ മുകളിലല്ല എന്നായിരുന്നു വി എസ്സിന്റെ സിദ്ധാന്തം. എല്ലാ തത്വശാസ്ത്രങ്ങളും പുസ്തകങ്ങളില്‍ നിന്നിറങ്ങി വന്ന് മനുഷ്യജീവിതത്തിന് ഭക്ഷണമാവണം എന്ന് വി എസ് ശഠിച്ചു. സഖാവ് വി എസ് എന്ന 'വിപ്ലവ രാഷ്ട്രീയ സിലബസ്' ഈ ലളിത തത്വമാണ് കാലത്തിന്റെ കല്‍ചുമരുകളില്‍ എഴുതി വച്ച് പോയത്... 'നിര്‍മ്മിത ബുദ്ധി'യുടെ നൂതന സാങ്കേതിക വിദ്യ കൊടികെട്ടി വാഴുന്ന കാലത്തും ഇത് തന്നെയായിരിക്കും ഏറ്റവും വലിയ പാഠം. അങ്ങനെ വി എസ് എന്നൊരു പുതിയ 'പ്രയോഗം' പിറക്കും!
ചില അത്ഭുതകാലങ്ങളിലൂടെ സാഹസികമായി സഞ്ചരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിനകത്തു നിന്ന് പൂമ്പാറ്റകളെപ്പോലുള്ള നേതാക്കളെ ജനിപ്പിക്കുന്നു. അവര്‍ വെറും പൂമ്പാറ്റകളല്ല; പ്രതിബന്ധങ്ങളെ പുഷ്പ്പങ്ങളാക്കി ജനങ്ങള്‍ക്ക് വസന്തങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്ന അത്ഭുത പ്രതിഭാസങ്ങള്‍ തന്നെയാണ്. പിന്നീടവര്‍ കാലത്തിന്റെ വിഹായസ്സില്‍ നക്ഷത്രങ്ങളായി ഉദിച്ചുനില്‍ക്കും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ വിധത്തില്‍ മിനുക്കിയെടുത്തൊരു പദ്മരാഗ കല്ലാണ് സഖാവ് വി.എസ്.അച്യുതാനന്ദന്‍. ജീവിതകാലം മുഴുവന്‍ സമരം ചെയ്തും, സ്വയം ഒരു സമരമായും, തിരിച്ചറിഞ്ഞ അനീതികളോടും, അന്യായങ്ങളോടും തീരെ സമരസപ്പെടാതെ എപ്പോഴും ഒരു നിശിത മൂര്‍ച്ചയായി നിലനിന്ന അവിശ്വസനീയമായൊരു യാഥാര്‍ഥ്യമായിരുന്നു സഖാവ് വി എസ്. അതായത്, നമ്മുടെ കൗമാര കല്പനകളില്‍ രൂപപ്പെട്ട കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളില്‍ നിന്നിറങ്ങി വന്ന ലക്ഷണമൊത്തൊരു റിബല്‍! എന്നാലോ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും, രാഷ്ട്രീയത്തിന്റെയും നൂല്‍പ്പഴുതുകളില്‍ പോലും അണുവിട വ്യതിചലിക്കാത്ത പ്രയോക്താവ്!
1980-കളുടെ ആദ്യ വര്‍ഷങ്ങള്‍ കേരളത്തിലെ ക്യാമ്പസുകള്‍ പ്രക്ഷുബ്ധ സമുദ്രങ്ങള്‍ പോലെ സമരത്തിരകളിലായിരുന്നു. മുറിവേറ്റ ശരീരങ്ങളില്‍ നിന്നൊലിച്ചിറങ്ങിയ ചോര നനഞ്ഞ വസ്ത്രങ്ങളോടെ, ഹൃദ്യമായ മുദ്രാവാക്യങ്ങള്‍ മുഴക്കി എസ്എഫ്ഐ വിദ്യാര്‍ത്ഥി മനസ്സുകളിലേക്ക് കലങ്ങിമറിഞ്ഞൊരു സമര നദിയായി ഒഴുകിയെത്തിയ കാലം! ദീര്‍ഘ ദിവസങ്ങള്‍ നീണ്ടുനിന്നൊരു വിദ്യാര്‍ത്ഥി സമര വിജയത്തിന്റെ അവലോകനത്തിനായി എഎസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരുകയാണ്. എസ്എഫ്ഐ യോഗങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ സംബന്ധിക്കാറില്ല. കാരണം കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ ധാരാളമുണ്ടെങ്കിലും എസ്എഫ്ഐ ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്. എന്നാല്‍, ആ ദിവസം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയിലെ സിപിഎം അംഗങ്ങളുടെ പ്രത്യേകമായൊരു യോഗം സ്വകാര്യമായി എകെജി സെന്ററില്‍ ചേരണമെന്ന് അറിയിപ്പ് കിട്ടി. അന്ന് സഖാവ് വി എസ് ആണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. അതായിരുന്നു സഖാവ് വി എസ് നോടൊപ്പമുള്ള എന്റെ അനുഭവത്തിലെ ആദ്യ യോഗം. വിദ്യാര്‍ത്ഥി സമരത്തെ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് ആലോചിച്ച കാര്യങ്ങള്‍ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയിലെ പാര്‍ട്ടി അംഗങ്ങളോട് വിശദീകരിച്ചത് സഖാവ് വി എസ് തന്നെ ആയിരുന്നു. ഉജ്വലമായൊരു സമര വിജയത്തിന്റെ ആമോദത്തില്‍ ആയിരുന്നു എസ്എഫ്ഐക്കാരായ ഞങ്ങളെല്ലാവരും. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ സഖാവ് പി.കെ.ഹരികുമാര്‍ (കോട്ടയം) ഒരു വിമര്‍ശ്ശനം ഉന്നയിച്ചു. ''വലിയ വിജയം നേടിയ ഈ വിദ്യാര്‍ത്ഥി സമരത്തില്‍ സംസ്ഥാനത്താകെ പാര്‍ട്ടിയുടെ നേരിട്ടുള്ള പിന്തുണ കുറച്ചുകൂടി ലഭിച്ചിരുന്നു എങ്കില്‍ ഇതിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാമായിരുന്നു'' എന്നായിരുന്നു ആ അഭിപ്രായം. അന്നത്തെ പാര്‍ട്ടി സെക്രട്ടറി സഖാവ് വി എസ് അതിനു നല്‍കിയ മറുപടി കടുപ്പമേറിയതായിരുന്നു. ഈയിടെ സുരേഷ്‌കുറുപ്പിന്റെ മകന്റെ വിവാഹത്തിന് കണ്ടപ്പോള്‍ പോലും ഞാനും ഹരികുമാറും അത് പറഞ്ഞു കുറേ ചിരിച്ചു. നീട്ടി കുറുക്കി പ്രസിദ്ധമായ വി എസ് ശൈലിയില്‍ അതീവ പരിഹാസത്തില്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു. 'ഒരു വലിയ കെട്ടിടം... കെട്ടിടത്തിനൊരു ഉത്തരം... ഉത്തരത്തിനടിയില്‍ ഒരു ഗൗളി... ചില്‍... ചില്‍... എന്ന് ചിലക്കുമ്പോള്‍ ആ ഗൗളിയുടെ ധാരണ, ഞാനാണ് ഇത് താങ്ങുന്നത്... താങ്ങുന്നത്... എന്നാണ്...! അത്തരത്തിലുള്ള അഭിപ്രായവും ഇവിടെ ചിലര്‍ രേഖപ്പെടുത്തി... എന്നാ......ല്‍, പാര്‍ട്ടി പിന്തുണച്ചത് കൊണ്ടാണ് സാധാരണ ജനങ്ങളുടെ ഇത്രയും വലിയ പിന്തുണ ഈ വിദ്യാര്‍ത്ഥി സമരത്തിന് ലഭിച്ചത്. ആ പിന്തുണയാണ് ഈ സമര വിജയത്തിന്റെ അടിത്തറ. വിദ്യാര്‍ത്ഥി സമരത്തോടൊപ്പം പാര്‍ട്ടി നേരിട്ടിറങ്ങിയാല്‍ ഇതൊരു കക്ഷി രാഷ്ട്രീയ സമരമാക്കി ചിത്രീകരിച്ചു സമരത്തെ തകര്‍ക്കാന്‍ വലത്പക്ഷ സര്‍ക്കാരിന് നിഷ്പ്രയാസം സാധിക്കുമായിരുന്നു. അത് മനസ്സിലാക്കി ഏറ്റവും ശരിയായ വിധത്തിലാണ് പാര്‍ട്ടി വിദ്യാര്‍ത്ഥി സമരത്തെ സമീപിച്ചത്. അതിന്റെ കൂടി ഫലമാണ് ഈ സമര വിജയം' ഇതായിരുന്നു വി എസ്സിന്റെ വിശദീകരണം. പുന്നപ്ര-വയലാര്‍ സമരാനുഭവമുള്ള സഖാവ് വി എസ്സിന്റെ വിശദീകരണം ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ പരിണിത പ്രജ്ഞതയാണ് വെളിപ്പെടുത്തിയതെന്നു പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ കൂടി പിന്നിടേണ്ടി വന്നു.
കാലം തപ്പിത്തടയാതെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഞങ്ങളുടെ യൗവ്വനം ഡിവൈഎഫ്ഐയിലേക്ക് പടര്‍ന്നു കയറി. അക്കാലത്ത് സഖാവ് വി എസ് സിപിഎം പോളിറ്റ് ബ്യുറോ അംഗമായി സംസ്ഥാനത്തെ ഇടതുപക്ഷ രാഷ്ട്രീയ സമരങ്ങളുടെ നേതൃത്വത്തില്‍ ഉയര്‍ന്നു നിന്നു. തിളച്ചുമറിഞ്ഞ യുവജന പ്രക്ഷോഭങ്ങളുടെ പലതിന്റെയും ഉദ്ഘാടകന്‍ സഖാവ് വി എസ് ആയിരുന്നു. സമരസപ്പെടാത്ത നിലപാടുകള്‍ കൊണ്ട് തന്നെയായിരിക്കാം, പ്രക്ഷുബ്ധ യുവ സമൂഹത്തിന്റെ ഇഷ്ടം അന്ന് സഖാവ് വി എസ് തന്നെയായിരുന്നു. കൂത്ത്പറമ്പ് വെടിവയ്പ്പും, അനുബന്ധ സമരങ്ങളും കേരളത്തെ ഇളക്കിമറിച്ചു. 1996-ലെ തെരഞ്ഞെടുപ്പ് സമാഗതമായി. കൂത്ത്പറമ്പ് സംഭവത്തിന്റെ വൈകാരികത സജീവമായിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എവിടെ നിന്നാലും എന്ത് ചെയ്തും എം.വി.രാഘവനെ തോല്‍പിക്കണം എന്നത് അന്ന് ഡിവൈഎഫ്ഐ നിശ്ചയിച്ചിരുന്നു. അക്കാര്യത്തില്‍ സഖാവ് വി എസ്സും, ഡിവൈഎഫ്ഐ ചുമതലക്കാരനായിരുന്ന സഖാവ് പിണറായി വിജയനും അതീവ ശ്രദ്ധാലുക്കളായിരുന്നു. ആറന്മുളയില്‍ രാഘവനെതിരെ കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന മഹാകവിയെ മത്സരിപ്പിക്കാനുള്ള ആലോചന പാര്‍ട്ടിക്ക് മുന്നില്‍ സമര്‍പ്പിച്ചത് സഖാവ് എം.എ.ബേബിയാണെന്നു തോന്നുന്നു. കടമ്മനിട്ടയെ കാണാന്‍ പോകുമ്പോള്‍ സഖാവ് ബേബി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആയ എന്നോടും വരാന്‍ പറഞ്ഞിരുന്നു. കടമ്മനിട്ട സമ്മതിച്ചോ? രാഘവനെ തോല്‍പ്പിക്കാന്‍ കടമ്മനിട്ട തന്നെയല്ലേ ഉചിതം? എന്നൊക്കെ വി എസ് തുടര്‍ച്ചയായി അന്വേഷിച്ചുകൊണ്ടിരുന്നു. എന്തായാലും ആ തെരഞ്ഞെടുപ്പില്‍ എം.വി.രാഘവനെ പരാജയപ്പെടുത്തി.
1996-ലെ നിയമസഭാ - പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ ഒരുമിച്ചായിരുന്നു നടന്നത്. തെരഞ്ഞെടുപ്പില്‍ സഖാവ് വി എസ് മാരാരിക്കുളത്താണ് മത്സരിച്ചത്. പാര്‍ട്ടി സെക്രട്ടറി ആയിരുന്ന സഖാവ് നായനാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ആയതിനാല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുക സ്വാഭാവികമായും പോളിറ്റ് ബ്യുറോ അംഗമായ സഖാവ് വി എസ് ആയിരിക്കുമെന്നത് ആരും പ്രഖ്യാപിക്കാതെ തന്നെ എല്ലാവരും വിശ്വസിച്ചു. എന്നാല്‍ അതീവ നിര്‍ഭാഗ്യകരമായി മാരാരിക്കുളത്ത് സഖാവ് വി എസ് പരാജയപ്പെട്ടു. എല്‍ഡിഎഫിനു ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ സഖാവ് നായനാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. മാരാരിക്കുളത്തെ വി എസ്സിന്റെ പരാജയം അന്ന് ഞങ്ങള്‍ക്കൊക്കെ ഏറെ ദു:ഖമുണ്ടാക്കി. ഞാന്‍ അന്ന് പാലക്കാട് നിന്ന് ലോക്സഭയിലേക്ക് ആദ്യമായി വിജയിച്ചിരുന്നു. എന്നാല്‍ ആ വിജയത്തിന്റെ ആഘോഷത്തില്‍ പോലും ഒരു വിഷാദം പോലെ സഖാവ് വി എസ്സിന്റെ പരാജയം മങ്ങലുണ്ടാക്കി. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഒന്നും സംഭവിക്കാത്ത പോലെ വി എസ് വന്നിരിക്കുന്നത് കണ്ടപ്പോള്‍ അതിശയം തോന്നിയിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരാനുഭവങ്ങള്‍ മിനുക്കിയെടുത്ത ആ കമ്മ്യൂണിസ്റ്റിനെ വിവരിക്കാനാവാത്ത സമ്മിശ്ര വികാരങ്ങളോടെ യോഗം അവസാനിക്കുന്നത് വരെ നോക്കിയിരുന്നുപോയി! സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന് ഒരു കമ്മ്യൂണിസ്റ്റ് നേതാവിനോട് തോന്നുന്ന ആദരവ് ആരാധനയായി മാറുന്നുണ്ടോ എന്ന് സംശയം തോന്നിത്തുടങ്ങി. മാരാരിക്കുളത്തെ പരാജയം സ്വയം നവീകരിക്കുന്നതിനുള്ളൊരു ഉപാധിയാക്കി മാറ്റി സഖാവ് വി എസ് എന്നും വിലയിരുത്താവുന്നതാണ്. അതിനു ശേഷമുള്ള വി എസ് മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തനശൈലി ആവിഷ്‌ക്കരിക്കുകയായിരുന്നു. മനുഷ്യര്‍ക്കുണ്ടാവുന്ന ഏതൊരു ബുദ്ധിമുട്ടിലും അവരോടൊപ്പം ഉറച്ചു നിന്നു. പരിസ്ഥിതി, സ്ത്രീ പ്രശ്നങ്ങള്‍, അഴിമതി തുടങ്ങിയ മേഖലകളില്‍ ജനപക്ഷത്തു നിന്ന് പുതിയ പോര്‍മുഖങ്ങള്‍ തുറന്നു. ഒരേ സമയം നിലവിലുള്ള സംവിധാനങ്ങള്‍ക്ക് റിബലാവുമ്പോള്‍ തന്നെ, ആ സംവിധാനങ്ങളെ ജനകീയ പോരാട്ടങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ആക്കുകയും ചെയ്യുക ഒരു രീതിയാക്കി മാറ്റി. സഖാവ് വി എസ്സിനെ പോലെ ജുഡീഷ്യറിയെ ജനകീയ പോരാട്ടങ്ങള്‍ക്ക് ഉപയോഗിച്ച ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയില്‍ തന്നെ ഉണ്ടാവും എന്ന് തോന്നുന്നില്ല. ഇപ്പോഴും സഖാവ് വി എസ് വാദിയായ ചില കേസുകള്‍ സുപ്രീം കോടതിയില്‍ തന്നെ തീര്‍പ്പാവാതെ കിടക്കുന്നുണ്ട്.
2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചാലോചിക്കാന്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സഖാവ് വി എസ് മലമ്പുഴയില്‍ മത്സരിക്കണമെന്ന് സെക്രട്ടറി സഖാവ് പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ സന്തോഷത്തോടെയാണ് പാലക്കാട് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സ്വീകരിച്ചത്.
മലമ്പുഴ മണ്ഡലം ഒരു പ്രതിസന്ധിഘട്ടത്തിലും ഇടതുപക്ഷ രാഷ്ട്രീയത്തെ കൈവിടാത്ത മണ്ഡലമാണ്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ തമിഴ്-മലയാള സങ്കര സംസ്‌കാരത്തിന്റെ ഭാഷയും, സ്വഭാവ വിശേഷങ്ങളും അവരുടെ നിഷ്‌ക്കളങ്കമായ ജീവിതത്തില്‍ പ്രകടമാണ്. കേരളത്തിലെ രണ്ടാമത്തെ വ്യവസായ കേന്ദ്രവും, ഒന്നാമത്തെ ജലസേചന അണക്കെട്ടും ഉള്ള പ്രദേശം. നെല്‍കൃഷിക്കാര്‍, തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവരാണ് അവിടത്തെ മനുഷ്യര്‍. മധ്യ തിരുവിതാംകൂറിന്റ ചതുര വടിവിലുള്ള ഭാഷയും, വി എസ്സിന്റെ വേഷ ഭാവങ്ങളും ആ മനുഷ്യര്‍ എങ്ങനെ ആയിരിക്കും സ്വീകരിക്കുക എന്നൊക്കെ ഞങ്ങളുടെ ഉള്ളില്‍ സ്വകാര്യ ശങ്കകളായി മുഴച്ചു നിന്നു. എന്നാല്‍ മനുഷ്യരെ കാണുമ്പോഴുള്ള ആ ജനനേതാവിന്റെ വശ്യത സവിശേഷമായൊരു കാന്ത ശക്തിയായിരുന്നു. കര്‍ഷകത്തൊഴിലാളികളും, കൃഷിക്കാരും, വ്യവസായ തൊഴിലാളികളും, പാവപ്പെട്ട മനുഷ്യരാകെയും സ്വന്തം രക്തത്തെ കണ്ടെത്തിയ പോലെയാണ് സഖാവ് വി എസ്സിനെ അവരുടെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയത്. അതിന്റെ തെളിവായിരുന്നു തുടര്‍ച്ചയായ നാല് വിജയങ്ങളിലും ക്രമാനുഗതമായി അദ്ദേഹത്തിന്റെ വോട്ടു വിഹിതവും, ഭൂരിപക്ഷവും വര്‍ധിച്ചു കൊണ്ടേയിരുന്നത്. എന്നാല്‍ 2001-ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നാല്‍പ്പത് സീറ്റ് മാത്രമേ വിജയിക്കാനായുള്ളൂ. സഖാവ് വി എസ് പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. ജനാധിപത്യ വ്യവസ്ഥയിലെ സങ്കല്‍പ്പങ്ങളില്‍ സ്വപ്ന സദൃശമായി കേരളത്തിലെ പ്രതിപക്ഷം ജനകീയ സമരങ്ങളുടെ മഴവില്ലുകള്‍ തീര്‍ത്ത കാലമായിരുന്നു ആ അഞ്ചു വര്‍ഷം. പ്രതിപക്ഷ നേതാവായി ജനമനസ്സുകളില്‍ സഖാവ് വി എസ്സിന്റെ ''ഗ്രാഫ്'' ആകാശത്തോളം ഉയര്‍ന്നു. വീടുകളില്‍ രക്ഷിതാക്കള്‍ കുട്ടികളുടെ ആവശ്യങ്ങള്‍ നിരസിച്ചാല്‍ 'ഞാന്‍ വി എസ് മുത്തശ്ശനോട് പറഞ്ഞുകൊടുക്കും' എന്ന തമാശകള്‍ പോലും സാധാരണമായി. കേരളത്തിന്റെ എല്ലാ നന്മകളുടെയും സംരക്ഷകന്‍ എന്നൊരു പ്രതിച്ഛായയിലേക്കാണ് സഖാവ് വി എസ് ഉയര്‍ന്നത്. സഖാവ് വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ മലയാളി മനസ്സാകെ കൊതിച്ചു പോയ കാലം...
2006-ലെ എല്‍ഡിഎഫ് വിജയം ജനങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചതായിരുന്നു. സഖാവ് വി എസ്സിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വൈകിയത് പൊതുസമൂഹത്തില്‍ ചില ആശയക്കുഴപ്പം സൃഷ്ടിച്ചു. സഖാവ് വി എസ്സിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ട് പല ഭാഗത്തും ജനങ്ങള്‍ തെരുവിലിറങ്ങി. അത് അഭൂതപൂര്‍വ്വമായൊരു അന്തരീക്ഷമാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് വി എസ്സിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം കേരളമാകെ വലിയൊരാരവത്തോടെയാണ് സ്വീകരിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പാലക്കാട്ടെത്തിയ സഖാവ് വി എസ്സിനെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന ജനസഞ്ചയത്തെ നിയന്ത്രിക്കാനാവാതെ തീവണ്ടികള്‍ പോലും സ്തംഭിച്ചു! സഖാവ് വി എസ് ജനഹൃദയത്തില്‍ എന്തായിരുന്നു എന്നതിന്റെ അടയാളപ്പെടുത്തലായിരുന്നു ആ സ്വീകരണം. വളരെ ചുരുക്കം ദിവസങ്ങള്‍ മാത്രമായിരുന്നു സ്ഥാനാര്‍ത്ഥിയായി വി എസ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്താകെ എല്‍ഡിഎഫിന്റെ താര പ്രചാരകന്‍ വി എസ് ആയിരുന്നു. സാമൂഹ്യ ശത്രുക്കളായ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ എതിരാളികള്‍ക്ക് വാരിക്കോരി പണം നല്‍കിയും, സ്വകാര്യമായി അപവാദങ്ങള്‍ പ്രചരിപ്പിച്ചും വി എസ്സിനെ തോല്‍പ്പിക്കാനാകുമോ എന്ന് ആവും വിധം ശ്രമിച്ചുകൊണ്ടിരുന്നു. മാരാരിക്കുളം ഓര്‍മ്മയിലുള്ളതിനാല്‍ ബൂത്ത് തലത്തില്‍ സഖാക്കള്‍ രാവും പകലും കണ്ണിമ ചിമ്മാതെ വ്രതനിഷ്ഠ പോലെ കാവല്‍ നിന്ന് പ്രവര്‍ത്തിച്ചു. കുറച്ചു ദിവസങ്ങളല്ലേ മണ്ഡലത്തിലുള്ളൂ എന്ന വ്യാകുലത ഇടക്ക് വി എസ്സും പ്രകടിപ്പിച്ചു. ഇവിടെ ഞങ്ങളുണ്ട്, സംസ്ഥാനത്താകെ സഞ്ചരിച്ചു എല്‍ഡിഎഫ് വിജയം ഉജ്വലമാക്കാന്‍ മണ്ഡലത്തിലെ സഖാക്കള്‍ സഖാവ് വി എസ്സിനെ ധൈര്യപ്പെടുത്തി. സംസ്ഥാന സെക്രട്ടറി ആയിരുന്ന സഖാവ് പിണറായി വിജയന്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയറ്റ് യോഗത്തില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ ശ്രദ്ധ വേണമെന്ന് ജാഗ്രതപ്പെടുത്തുകയുണ്ടായി.
രാത്രികളിലെ തുടര്‍ച്ചയായ യാത്രയും, ശരിയായവിധമുള്ള ഉറക്കമില്ലായ്മയും, പകല്‍ മുഴുവനുമുള്ള ആയാസകരമായ പ്രസംഗങ്ങളും, ഇടയിലുള്ള മാധ്യമ അഭിമുഖങ്ങളും എല്ലാം കൂടി ഇടക്കൊക്കെ സഖാവ് വി എസ് ക്ഷീണിതനായിരുന്നു. അവസാനത്തെ രണ്ടു ദിവസമാണ് പൂര്‍ണ്ണമായും മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. അപ്പോഴേക്കും ഏറെ ക്ഷീണിതനായിരുന്നു. ഒരു പോയിന്റില്‍ നിന്നു അടുത്ത പോയിന്റില്‍ എത്തുമ്പോഴേക്കും ഉറങ്ങി കുഴഞ്ഞു പോകുമായിരുന്നു. എന്നാല്‍ അടുത്ത ആള്‍ക്കൂട്ടത്തില്‍ എത്തുമ്പോള്‍ ജനങ്ങളുടെ മുദാവാക്യം വിളികള്‍ വി എസ്സിനെ കൂടുതല്‍ ഉന്മേഷവാനാക്കും. ജനക്കൂട്ടം ഒരു കമ്മ്യൂണിസ്റ്റിനെ എത്രത്തോളം ഊര്‍ജ്ജസ്വലനാക്കും എന്ന് ഞങ്ങള്‍ അനുഭവിച്ചറിയുകയായിരുന്നു. ജനക്കൂട്ടത്തില്‍ നിന്നു ഊര്‍ജ്ജം സംഭരിക്കുകയും അതൊരു രാഷ്ട്രീയ ആവേശമായി ജനക്കൂട്ടത്തിനു തിരിച്ചുനല്‍കുകയും ചെയ്യുന്ന അത്ഭുതവിദ്യ അദ്ദേഹം പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു...! അക്കാലത്തൊക്കെ വി എസ് എത്ര കുറച്ചു ഭക്ഷണമാണ് കഴിച്ചിരുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്! കുറച്ചെങ്കിലും കാര്യമായി കഴിച്ചിരുന്നത് ഉച്ചഭക്ഷണമാണ്. രാത്രി ഭക്ഷണം പപ്പായ തുടങ്ങിയ പഴങ്ങളില്‍ ഒതുങ്ങി. അതും സന്ധ്യക്ക് കഴിക്കും. പ്രഭാത ഭക്ഷണം മിക്കവാറും ഇഡ്ഡലിയും സാമ്പാറും. മുട്ട കഴിച്ചിരുന്നു. ഉച്ചയ്ക്ക് പായസം പ്രിയമായിരുന്നു. വീടുകളില്‍ പ്രത്യേകം ഉണ്ടാക്കുന്നതായിരുന്നു ഇതെല്ലാം. പായസം അധികം കൊടുക്കരുതെന്ന് പലപ്പോഴും അരുണ്‍ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു. വി എസ്സിന്റെ ശരീരത്തിന് വേണ്ട 'ക്യാലറി' ജനക്കൂട്ടത്തിന്റെ ആരവങ്ങളില്‍ നിന്നാണ് സമാഹരിക്കുന്നതെന്ന് ഞങ്ങള്‍ പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്! വെല്ലുവിളികള്‍ ഉയരുമ്പോഴാണ് സഖാവ് വി എസ് സ്വയമൊരു 'വാളായി' മാറുന്നത് എന്ന് തോന്നിയിട്ടുണ്ട്. ആ തെരഞ്ഞെടുപ്പില്‍ അത് വരെ മലമ്പുഴയില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. അങ്ങനെ ഒരു ജനാഭിലാഷ നിയോഗം പോലെ സഖാവ് വി എസ് മുഖ്യമന്ത്രിയായി.
മാനവരാശിയുടെ സര്‍ഗ്ഗാത്മക രാഷ്ട്രീയ ചരിത്രം രണ്ടായി വിഭജിക്കപ്പെടുന്നത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തെ തുടര്‍ന്നാണ്. അന്ന് മുതല്‍ 'ഉള്ളവരുടെ രാഷ്ട്രീയം - ഇല്ലാത്തവരുടെ രാഷ്ട്രീയം' എന്നവിധം മനുഷ്യരാശിയുടെ സര്‍ഗ്ഗാത്മക രാഷ്ട്രീയം രണ്ടായി വിഭജിക്കപ്പെട്ടു. അതിലെ രാഷ്ട്രീയ പക്ഷം തിരിച്ചറിയാന്‍ ഒരുവിധ അക്കാദമിക്ക് വിജ്ഞാനവും ആവശ്യമില്ല. വര്‍ഗ്ഗ മൂല്യത്തില്‍ അധിഷ്ഠിതമായ മനുഷ്യത്വം അഥവാ മാനവികതയുടെ വിജ്ഞാനം മാത്രം മതി. വാസ്തവത്തില്‍ വി എസ് നിലവിലുള്ള എല്ലാ സംവിധാനങ്ങളെയും വെല്ലുവിളിച്ചു. ഒരു സംവിധാനവും സാധാരണ മനുഷ്യരുടെ മുകളിലല്ല എന്നായിരുന്നു വി എസ്സിന്റെ സിദ്ധാന്തം. എല്ലാ തത്വശാസ്ത്രങ്ങളും പുസ്തകങ്ങളില്‍ നിന്നിറങ്ങി വന്ന് മനുഷ്യജീവിതത്തിന് ഭക്ഷണമാവണം എന്ന് വി എസ് ശഠിച്ചു. എത്രയോ പാര്‍ട്ടികള്‍ ഇവിടെ ഉണ്ടല്ലോ? എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ലേ പാവപ്പെട്ടവര്‍ക്ക് സ്വന്തമായിട്ടുള്ളൂ! സഖാവ് വി എസ് എന്ന 'വിപ്ലവ രാഷ്ട്രീയ സിലബസ്' ഈ ലളിത തത്വമാണ് കാലത്തിന്റെ കല്‍ചുമരുകളില്‍ എഴുതി വച്ച് പോയത്... വെറും സമരമല്ല; വര്‍ഗ്ഗ സമരാനുഭവങ്ങളുടെ സര്‍വ്വകലാശാലയില്‍ നിന്ന് വി എസ് നേടിയെടുത്ത ഏറ്റവും മുന്തിയ ബിരുദം ഇത് തന്നെയാണ്. വര്‍ഗ്ഗ വിഭജിത സമൂഹം നിലനില്‍ക്കുന്ന കാലമൊക്കെയും ഈ വലിയ പാഠം വരുംകാല തലമുറകള്‍ പഠിച്ചുകൊണ്ടേയിരിക്കും. 'നിര്‍മ്മിത ബുദ്ധി'യുടെ നൂതന സാങ്കേതിക വിദ്യ കൊടികെട്ടി വാഴുന്ന കാലത്തും ഇത് തന്നെയായിരിക്കും ഏറ്റവും വലിയ പാഠം. അങ്ങനെ വി എസ് എന്നൊരു പുതിയ 'പ്രയോഗം' പിറക്കും