/kalakaumudi/media/media_files/2025/08/04/jaya-2025-08-04-19-36-34.jpg)
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് മദ്യപാനത്തിന് സൗകര്യം ഒരുക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ പ്രശംസിച്ച് സിപിഎം നേതാവ് പി ജയരാജന്‍. അച്ചടക്കം ലംഘിച്ചാല്‍ കൊടിയായാലും വടിയായാലും നടപടിയെടുക്കും, അതാണു പിണറായി സര്‍ക്കാരിന്റെ പ്രത്യേകത എന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.
കോടതിയില്‍ പോയി മടങ്ങിയ കൊടി സുനിക്ക് മദ്യപിക്കാന്‍ അവസരം ഒരുക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി എടുത്തത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ്. പൊലീസ് അകമ്പടി സേവിക്കുന്ന സമയത്ത് തെറ്റായ പ്രവണതകള്‍ ഉണ്ടായാല്‍ നടപടി ഉറപ്പാണ്. വിഷയത്തില്‍ ആരും പരാതി നല്‍കിയിരുന്നില്ല. എന്നിട്ടും സര്‍ക്കാര്‍ നടപടി എടുത്തു. സൗകര്യം സ്വീകരിച്ച വ്യക്തയുടെ പരോള്‍ റദ്ദാക്കുകയും ചെയ്തു. അച്ചടക്ക ലംഘനങ്ങള്‍ക്ക് കൊടിയുടെ നിറം നോക്കാതെ നടപടി എടുക്കും എന്നാണു സര്‍ക്കാര്‍ തെളിയിക്കുന്നത്. എന്നും പി ജയരാജന്‍ അവകാശപ്പെട്ടു. അതേസമയം, തടവ് പുള്ളികള്‍ക്ക് പരോള്‍ അനുവദിക്കുന്നത് കൃത്യമായ വ്യവസ്ഥയുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് പരോള്‍ നിഷേധിക്കാനാകില്ലെന്നും ജയരാജന്‍ പറഞ്ഞു.
കൊടി സുനിയുടെ മദ്യപാനം വിവാദമായതിന് പിന്നാലെ ടി പി വധക്കേസിലെ ഒന്നാം പ്രതി ടികെ രജീഷിന് പരോള്‍ ലഭിച്ച സംഭവത്തിലാണ് ജയരാജന്റെ പ്രതികരണം. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് പതിനഞ്ചുദിവസത്തേക്ക് ടികെ രജീഷിന് പരോള്‍ അനുവദിച്ചത്. പരോള്‍ അനുസരിച്ച് രണ്ടുദിവസം മുന്‍പ് രജീഷ് വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട ശേഷം ആദ്യമായാണ് ടിപി രജീഷിന് പരോള്‍ ലഭിക്കുന്നത്.