ആറു തെരഞ്ഞെടുപ്പില്‍ സിപിഎം അഭ്യര്‍ത്ഥിച്ചു; പിന്തുണ നല്‍കി: ജമാഅത്തെ

തിരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഇടതുപക്ഷം നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ജനങ്ങളോടു പച്ചക്കള്ളം പറയുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി.മുജീബ് റഹ്മാന്‍.

author-image
Prana
New Update
mujeeb rahman jamaat

തിരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഇടതുപക്ഷം നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ജനങ്ങളോടു പച്ചക്കള്ളം പറയുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി.മുജീബ് റഹ്മാന്‍. ഒന്നുകില്‍ മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം സംഭവിച്ചിരിക്കുന്നു, അല്ലെങ്കില്‍ മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുന്നു. 1996ലും 2004ലും 2006ലും 2009ലും 2011ലും 2015ലും ജമാ അത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം, ദേശാഭിമാനി മുഖപ്രസംഗം, സഭാരേഖാകള്‍ എന്നിവ തെളിവായി ഉണ്ട്. പക്ഷെ, പൂര്‍വ്വകാലത്തെ റദ്ദ് ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇത് അദ്ദേഹം സ്വയം പരിഹാസ്യനായി തീരുന്നതിന് കാരണമാവുകയാണ്.
പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചശേഷമാണ് ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചതെന്നും പിണറായി വിജയന്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 2024ല്‍ സി.പി.എമ്മിന്റെ മൂന്ന് എം.പിമാരും ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു കൂടി വാങ്ങി ജയിച്ചവരാണെന്നും മുജീബ് റഹ്മാന്‍ വ്യക്തമാക്കി.
2011ല്‍ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍വെച്ച് പിണറായി വിജയനുമായി അന്നത്തെ അമീര്‍ ചര്‍ച്ച നടത്തി. രാഷ്ട്രീയമായ ചര്‍ച്ചയാണ് ഇരുമുന്നണിയുമായി നടത്തിയത്. മറ്റ് ഉപാധികളൊന്നും ഉണ്ടായിരുന്നില്ല. 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് മുതലാണോ ജമാഅത്തെ ഇസ്‌ലാമി ഭീകര സംഘടന ആയത്?പാലക്കാട്ട് സി.പി.എം. എന്നോ കോണ്‍ഗ്രസ് എന്നോ ഉള്ളത് ന്യൂനപക്ഷത്തിന്റെ വിഷയമല്ല. ബി.ജെ.പി. കേരളത്തില്‍ വിജയിക്കാന്‍ പാടില്ലെന്നതാണ് ന്യൂനപക്ഷത്തിന്റെ നിലപാട് അദ്ദേഹം പറഞ്ഞു.
പിന്തുണക്കാതെ ഇരിക്കുമ്പോള്‍ ഭീകര സംഘടനയാക്കുന്ന സമീപനത്തെയാണ് വിമര്‍ശിക്കുന്നതെന്നും തള്ളിപ്പറഞ്ഞത് കൊണ്ടാണ് പേര് പറയുന്നതെന്നും മുജീബ് റഹ്മാന്‍ വ്യക്തമാക്കി.

 

jamaat e islami cm pinarayivijayan cpm mujeeb rahman