സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന്‍. പ്രതിനിധി സമ്മേളനത്തിന്റെ തുടക്കത്തിലാണ് സംസ്ഥാന സെക്രട്ടറി ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിച്ചത്. ചില നേതാക്കളുടെ ആഡംബര ജീവിതം, അനധികൃത പണം സമ്പാദനം എന്നിവ സംബന്ധിച്ച പരാതികള്‍ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ നേതാക്കളില്‍ പണ സമ്പാദന പ്രവണത വര്‍ധിക്കുന്നു. തിരുവല്ല ഏരിയ കമ്മിറ്റിയിലേതടക്കമുള്ള വിഭാഗീയത തുടരാന്‍ അനുവദിക്കില്ല. ഇതിനെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. നേതാക്കള്‍ക്കെതിരേ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണ്. എന്നാല്‍ ജീവഭയം കാരണം പേര് വയ്ക്കുന്നില്ലെന്നാണ് കത്തുകളില്‍ പറയുന്നത്. പത്തനംതിട്ടയിലെ പാര്‍ട്ടി കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് അകന്നെന്നും ജില്ലാ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. വിഭാഗീയത രൂക്ഷമായ ജില്ലയില്‍ സംസ്ഥാന നേതൃത്വം കര്‍ശന നിലപാടിലേക്ക് നീങ്ങുന്നു എന്ന സൂചനയാണിത്.പത്തനംതിട്ട ജില്ലയില്‍ പാര്‍ട്ടി സംവിധാനം ഏറെ ശക്തിപ്പെട്ടതായ വിലയിരുത്തലാണ് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അവതരിപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും എല്‍ ഡി എഫ് വിജയിച്ചതും ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളില്‍ അധികാരത്തിലെത്തിയതും സംഘടനാ സംവിധാനത്തിലെ വിജയമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സി പി എം അംഗസംഖ്യ വര്‍ധിച്ചതും വിവിധ രാഷ്ട്രീയകക്ഷികളില്‍ പെട്ട നേതാക്കളുള്‍പ്പെടെ സി പി എമ്മില്‍ അംഗത്വം നേടിയതും നേട്ടമായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. മുന്‍ ഡി സി സി പ്രസിഡന്റുമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ബി ജെ പിയുടെ ജില്ലാ ഭാരവാഹികളായിരുന്നവരും നിലവില്‍ സി പി എമ്മിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റം വരുംകാല തെരഞ്ഞെടുപ്പുകളിലടക്കം ഏറെ ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
പത്തനംതിട്ട നേതാക്കള്‍ക്ക് ധനമോഹമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി
നേതാക്കള്‍ക്കെതിരേ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണ്. എന്നാല്‍ ജീവഭയം കാരണം പേര് വയ്ക്കുന്നില്ലെന്നാണ് കത്തുകളില്‍ പറയുന്നത്.
New Update