പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്ന് പിവി അൻവറിനോട് സിപിഎം

പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്ന നടപടിയാണ് അൻവറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും സിപിഎം പറഞ്ഞു.

author-image
Anagha Rajeev
New Update
pv anwar mla severe criticism against adgp ajith kumar
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ രൂക്ഷ വിമർശനമുയർത്തിയതിന് പിന്നാലെ പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.  പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്ന നടപടിയാണ് അൻവറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും സിപിഎം പറഞ്ഞു. പി വി അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. 

നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എൽ.എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂർ മണ്ഡലത്തിലും പ്രവർത്തിച്ചുവരുന്നത്‌. അദ്ദേഹം സി.പി.ഐ (എം) പാർലമെന്ററി പാർടി അംഗവുമാണ്‌.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയുടെ മുൻപാകെ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാർടി സംസ്ഥാന സെക്രട്ടറിക്കും നൽകിയിട്ടുണ്ട്‌. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ അന്വേഷണത്തിലും, പാർടി പരിശോധിക്കേണ്ട വിഷയങ്ങൾ പാർടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകൾ ഇതായിരിക്കെ ഗവൺമെന്റിനും, പാർടിക്കുമെതിരെ അദ്ദേഹം തുടർച്ചയായ ആരോപണങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവരികയാണ്‌. പി.വി അൻവർ എം.എൽ.എയുടെ ഈ നിലപാടിനോട്‌ പാർടിക്ക്‌ യോജിക്കാൻ കഴിയുന്നതല്ല.

പി.വി അൻവർ എം.എൽ.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ പാർടി ശത്രുക്കൾക്ക്‌ ഗവൺമെന്റിനേയും, പാർടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. ഇത്തരം നിലപാടുകൾ തിരുത്തി പാർടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പറഞ്ഞു.

PV Anwar