സി.പി.എം സൈബർ ആക്രമണം വ്യക്തിഹത്യയും ഉന്മൂലന രാഷ്ട്രീയവും, ബി.ജെ.പി-സി.പി.എം ബാന്ധവം പ്രതിരോധിക്കും:എൻ.കെ. പ്രേമചന്ദ്രൻ എം.പി

സ്വർണ്ണക്കവർച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടും പങ്കാളിത്തത്തോടും കൂടിയാണ് നടന്നതെന്നും, ഈ കവർച്ചയ്ക്ക് കൂട്ടുനിന്ന സർക്കാരിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ വിഷയം വർഗ്ഗീയവത്കരിക്കാനാണ് സൈബർ ആക്രമണം നടത്തുന്നതെന്നും എം.പി. കുറ്റപ്പെടുത്തി.

author-image
Shibu koottumvaathukkal
New Update
image_search_1751518876838

കൊല്ലം : ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസംഗത്തിന്റെ പേരിൽ സി.പി.എം സൈബർ വിഭാഗം നടത്തുന്ന നിലവാരമില്ലാത്തതും തരംതാണതുമായ സൈബർ ആക്രമണം വ്യക്തിഹത്യയിലൂടെയുള്ള ഉന്മൂലന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആരോപിച്ചു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതേ പ്രസംഗത്തിനെതിരെ അന്നത്തെ സി.പി.എം സ്ഥാനാർത്ഥിയായിരുന്ന കെ.എൻ. ബാലഗോപാൽ നൽകിയ തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയിൽ നൽകാനുള്ള അനുമതിയും തള്ളിക്കളഞ്ഞതാണെന്നും, കോടതിയിൽ പരാജയപ്പെട്ട ആരോപണങ്ങളാണ് സി.പി.എം സൈബർ സംഘം ഇപ്പോഴും ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസി സമൂഹത്തിന് ഗുരുതരമായ ആഘാതമേൽപ്പിച്ച ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അകമ്പടി നൽകിയ പോലീസും മുഖ്യമന്ത്രിയും അയ്യപ്പ ഭക്തരാണെന്ന് പ്രഖ്യാപിക്കുവാൻ നടത്തിയ ആഗോള അയ്യപ്പ സംഗമം ചരിത്രപരമായ വൈരുദ്ധ്യമാണെന്നും, ഈ വിഷയത്തെ വർഗ്ഗീയവത്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സി.പി.എം നയമാണ് സൈബർ ആക്രമണത്തിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ സ്വർണ്ണക്കവർച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടും പങ്കാളിത്തത്തോടും കൂടിയാണ് നടന്നതെന്നും, ഈ കവർച്ചയ്ക്ക് കൂട്ടുനിന്ന സർക്കാരിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ വിഷയം വർഗ്ഗീയവത്കരിക്കാനാണ് സൈബർ ആക്രമണം നടത്തുന്നതെന്നും എം.പി. കുറ്റപ്പെടുത്തി. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ ചെലവഴിച്ച 8 കോടി രൂപയുടെ കണക്കും ധനസമാഹരണ മാർഗ്ഗവും സർക്കാർ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചകൾ ബി.ജെ.പി-സി.പി.എം അലിഖിത അവിശുദ്ധ അവിഹിത രാഷ്ട്രീയ നേതൃത്വ ബാന്ധവത്തിന്റെ ഭാഗമാണെന്നും, ഈ കൂട്ടുകെട്ടിനെ പ്രതിരോധിക്കാൻ യു.ഡി.എഫിന് കഴിയുമെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവിനുള്ളതാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി. പ്രസ്താവിച്ചു.

Sabarimala kollam nk premachandran