/kalakaumudi/media/media_files/2026/01/22/img_1781-2026-01-22-21-51-20.jpeg)
കോഴിക്കോട്∙ ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ കള്ളക്കടത്തു നടത്തിയ കേസിൽ മുക്കത്തുനിന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത ശേഷം കാണാതായ കാർ കണ്ടെത്തി. കാർ കാണാതായതു വാർത്തയായതോടെ, കാർ തന്റെ വീട്ടിലുണ്ടെന്ന് ഉടമ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ നവംബർ 9നു മുക്കത്തെ ഒരു ഗാരിജിനു സമീപത്തു കണ്ടെത്തിയ കാർ, കസ്റ്റഡിയിലെടുത്ത ശേഷം ഗാരിജിൽ സൂക്ഷിക്കാനേൽപിച്ചതായിരുന്നു. കേസിന്റെ അന്വേഷണത്തിനായി ഗാരിജിലെത്തിയപ്പോഴാണു കാർ കാണാതായ കാര്യം കസ്റ്റംസ് അറിയുന്നത്. തുടർന്ന്, കാർ കാണാനില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗാരിജിൽ നിന്നു കാർ കെട്ടിവലിച്ചാണ്, ഉടമയുടെ വീട്ടിലെത്തിച്ചതെന്നാണു വിവരം. കാർ കണ്ടെത്തിയതോടെ, കസ്റ്റംസ് പരാതി പിൻവലിക്കുമോയെന്നു വ്യക്തമല്ല. കസ്റ്റംസിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നതായും കേസ് എടുത്തിട്ടില്ലെന്നും മുക്കം പൊലീസ് അറിയിച്ചു.ആഡംബര കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞവർഷം സെപ്റ്റംബർ 23നു നടത്തിയ ഓപറേഷൻ നുംഖുർ പരിശോധനയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി 16 കാറുകൾ പിടിച്ചെടുത്തിരുന്നു. മലപ്പുറം വെട്ടിച്ചിറയിലെ ഷോറൂമിൽനിന്ന് 13 കാറുകളും മുക്കം, കുറ്റിപ്പുറം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിൽ നിന്നായി 3 കാറുകളും പിടിച്ചെടുത്തിരുന്നു. തൊണ്ടയാട്ടെ ഷോറൂമിൽ നിന്നു കണ്ടെത്തിയ കാറും അവിടെത്തന്നെ സൂക്ഷിക്കാൻ കസ്റ്റംസ് നിർദേശിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
