/kalakaumudi/media/media_files/2025/03/26/qVsCqVTU75b4renIHBgh.jpg)
കുന്നംകുളം: കയ്യിലെ പ്ലാസ്റ്റർ വെട്ടിയപ്പോൾ നവജാതശിശുവിന്റെ വിരൽ പാതി മുറിഞ്ഞുപോയതായി പരാതി. പന്നിത്തടം സ്വദേശികളായ ജിത്തു-ജിഷ്മ ദമ്പതികളുടെ അഞ്ചുദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. പ്ലാസ്റ്റർ വെട്ടിയപ്പോൾ അറിയാതെ വിരൽ അറ്റുപോയി എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. തൃശ്ശൂർ കുന്നംകുളം മലങ്കര സ്വകാര്യ ആശുപത്രിയിലാണ് ചികിത്സാപ്പിഴവ് സംഭവിച്ചത്.
ജനുവരി 16-നാണ് പ്രസവം നടന്നത്. 21-ആം തീയതി ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ആണ് ആന്റിബയോട്ടിക് ഇൻജക്ഷൻ നൽകാൻ എന്നുപറഞ്ഞത് കുഞ്ഞിനെ കൊണ്ടുപോകുന്നത്. സമയം ഏറെ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കിട്ടാതെ വന്നതോടെ ആശങ്കയിലായ ബന്ധുക്കൾ എൻഐസിയുവിന്റെ മുന്നിലെത്തി അന്വേഷിക്കുകയും വാതിലിന്റെ ബെല്ലടിക്കുകയും ചെയ്തിട്ടും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് ഇവർ പറയുന്നു.20-ാം തീയതി, ചൊവ്വാഴ്ചയാണ് കുഞ്ഞിനെ റൂമിലേക്ക് തന്നത്. ബുധനാഴ്ച പുലർച്ചെ ഒരു ആന്റി ബയോട്ടിക് ഇൻജക്ഷൻ ഉണ്ടെന്ന് പറഞ്ഞ് കുഞ്ഞിനെ വീണ്ടും എൻഐസിയുവിലേക്ക് തിരിച്ചുകൊണ്ടുചെല്ലാൻ പറഞ്ഞു. കുഞ്ഞിനെ അഞ്ചരയ്ക്ക് അവിടെ എത്തിച്ചു. എന്നാൽ 6.30 ആയിട്ടും കുഞ്ഞിനെ തിരികെ എത്തിച്ചില്ല. ബെല്ലടിച്ചിട്ടും മറുപടി ഒന്നും ലഭിച്ചില്ല.' കുഞ്ഞിന്റെ അമ്മ പറയുന്നു.
'പിന്നീട് ഒരു മെയിൽ നഴ്‌സ് റൂമിലേക്ക് വന്നു. ബൈസ്റ്റാൻഡർ ആയിരുന്ന അമ്മയെ വിളിച്ച് പുറത്തുകൊണ്ടുപോയി. ഇൻജക്ഷൻ എടുക്കുന്നതിനിടയിൽ ബ്ലെയ്ഡ് കൊണ്ട് കുഞ്ഞിന്റെ കൈയിൽ ഒരു ചെറിയ മുറിവ് വന്നിട്ടുണ്ട് എന്നാണ് അവർ ആദ്യം പറഞ്ഞത്. ഡോക്ടർ എത്തി സ്റ്റിച്ച് ചെയ്യണം എന്നു പറഞ്ഞു, എന്നാൽ 7 മണിയായിട്ടും ഡോക്ടർ എത്താതായതോടെ ഞങ്ങൾ റൂമിലേക്ക് ചെന്നു.' അവർ പറഞ്ഞു.ഏറെനേരം നിർബന്ധം പിടിച്ചിട്ടാണ് എൻഐസിയുവിന്റെ അകത്തേക്ക് കയറാനും കുഞ്ഞിനെ കാണാനും അനുവദിച്ചത്. കുഞ്ഞിന്റെ കൈ പ്ലാസ്റ്റർ ചെയ്തിരിക്കുകയാണ് എന്നാണ് അവർ പറഞ്ഞത്. അത് അഴിച്ചുകാണിക്കാൻ പറഞ്ഞപ്പോഴാണ് കുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലിന്റെ പകുതിഭാഗം മുറിഞ്ഞുപോയതായി കണ്ടത്.' കുഞ്ഞിന്റെ മാതാപിതാക്കൾ പറഞ്ഞു.
പുലർച്ചെ കുഞ്ഞിനെ കൊണ്ടുപോയതു മുതൽ 10 മണിക്ക് ഡോക്ടർ എത്തുന്നതുവരെ കുഞ്ഞിന് യാതൊരു തരത്തിലുമുള്ള ചികിത്സ ലഭിച്ചിരുന്നില്ല എന്ന് കുഞ്ഞിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. കുഞ്ഞിന്റെ വിരലിന് പ്ലാസ്റ്റിക് സർജറി ചെയ്യണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, ആശുപത്രിയിലെ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചമൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് സമ്മതിച്ചുകൊണ്ടുള്ള സാക്ഷ്യപത്രത്തിൽ ഒപ്പിട്ട് നൽകാൻ അവർ തയ്യാറായില്ലെന്നും കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നു.
കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാവണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവർ കുന്നംകുളം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
