രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ഒന്നാമത്തെ ബലാത്സംഗക്കേസിൽ കേസിൽ പരാമർ‍ശങ്ങളുമായി ഹൈക്കോടതി

അവിവാഹിതനായ രാഹുൽ വിവാഹിതയായ യുവതിയുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിൽ നിയമപരമായി എന്താണു തെറ്റെന്നു കോടതി ചോദിച്ചു

author-image
Vineeth Sudhakar
New Update
IMG_2001

കൊച്ചി∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ഒന്നാമത്തെ ബലാത്സംഗക്കേസിൽ കേസിൽ പരാമർ‍ശങ്ങളുമായി ഹൈക്കോടതി. അവിവാഹിതനായ രാഹുൽ വിവാഹിതയായ യുവതിയുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിൽ നിയമപരമായി എന്താണു തെറ്റെന്നു കോടതി ചോദിച്ചു. അതേസമയം, ബലം പ്രയോഗിച്ചതും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതുമടക്കം പ്രഥമ വിവര മൊഴിയിലുള്ള (എഫ്ഐഎസ്) കാര്യങ്ങൾ ഗൗരവകരമാണെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. കേസിൽ പിന്നീട് വിധി പറയുമെന്ന് ജസ്റ്റിസ് കൗസർ എഡപ്പഗത്ത് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാണെന്നും സ്വാധീനമുള്ള വ്യക്തിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണു നടക്കുന്നത്. ഇതുവരെ അക്കാര്യത്തിൽ 36 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ, ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതിനു ശേഷം 2 ദിവസം പാലക്കാട് രാഹുലിനൊപ്പം പരാതിക്കാരി താമസിച്ചിരുന്നല്ലോ എന്നും കോടതി ആരാഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പരാതിക്കാരിക്കു വിശദീകരണമുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വേറെയും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ഇതിനു ശേഷമാണല്ലോ മറ്റു കേസുകൾ ഉണ്ടായത് എന്ന് ചോദിച്ചു. ക്രിമിനൽ പശ്ചാത്തലം ഉണ്ടല്ലോ എന്ന വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. മാർച്ച് 17ന് പാലക്കാട് എത്തിയപ്പോൾ രാഹുൽ ബലം പ്രയോഗിച്ചു എന്നും കുട്ടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുലാണെന്നും എഫ്ഐഎസിൽ ഉണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഗർഭഛിദ്രത്തിന് അതിജീവിതയ്ക്ക് താൽപര്യമില്ലാഞ്ഞിട്ടും വിഡിയോ കോളിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടെന്നതും കോടതി ചൂണ്ടിക്കാട്ടി.അതേ സമയം, മൂന്നാം ബലാത്സംഗക്കേസിൽ കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. പത്തനംതിട്ട സെഷൻസ് കോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്. 18 ദിവസമായി മാവേലിക്കര സബ്ജയിലിൽ കഴിയുകയായിരുന്നു രാഹുൽ. ജയിലിൽ നിന്നും പുറത്തിറങ്ങിയ രാഹുലിനു നേരെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം അക്രമാസക്തമായി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി