/kalakaumudi/media/media_files/2026/01/20/dow-2026-01-20-10-52-25.jpg)
തലച്ചോറിലെ മുതലകളും പേരുനോക്കുന്ന രാഷ്ട്രീയവും
വർഗ്ഗീയതയുടെ വിഷവിത്തുകൾ പാകുന്നത് ആരാണ്?
അഷ്റഫ് കാളത്തോട്
കേരളത്തിന്റെ മതേതര മണ്ണിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ പാകുന്നത് ആരാണ്? ഈ ചോദ്യം രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇപ്പോൾ സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്. ഭരണഘടനയെ 'കുന്തവും കുടച്ചക്രവും' എന്ന് വിശേഷിപ്പിച്ചു മന്ത്രിസ്ഥാനം തെറിച്ച സജി ചെറിയാൻ, വീണ്ടും വിദ്വേഷ പ്രസ്താവനയുമായി രംഗത്തെത്തിയത് ഒട്ടും യാദൃശ്ചികമല്ല. മലപ്പുറത്തെയും കാസർകോട്ടെയും ജനപ്രതിനിധികളുടെ പേര് നോക്കി അവരുടെ രാഷ്ട്രീയത്തെ വർഗ്ഗീയമെന്ന് മുദ്രകുത്തുന്ന മന്ത്രിയുടെ വാക്കുകൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വേഷം നോക്കി മനുഷ്യനെ വേർതിരിക്കുന്ന അതേ സംഘപരിവാർ മനോഭാവത്തിന്റെ മറ്റൊരു പതിപ്പാണ്.
/filters:format(webp)/kalakaumudi/media/media_files/2026/01/20/downl-2026-01-20-10-52-58.jpg)
മിക്കവാറും കമ്മ്യൂണിസ്റ്റ് അണികളുടെ മസ്തിഷ്കത്തിൽ ഉറങ്ങിക്കിടക്കുന്ന ആ 'മുതല', താൻ മതേതരനാണെന്നും ജാതിക്കും മതത്തിനും അതീതനാണെന്നുമുള്ള വ്യാജബോധം, യഥാർത്ഥത്തിൽ പച്ചയായ വർഗ്ഗീയതയെ ന്യായീകരിക്കാനുള്ള ലൈസൻസായി മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പി വളരുന്നു എന്ന് വിലപിക്കുമ്പോഴും, അതിന് വളക്കൂറുള്ള മണ്ണൊരുക്കുന്നതിൽ ഭരണപക്ഷ നേതാക്കൾക്ക് പങ്കുണ്ടോ എന്ന വിമർശനം ഇന്ന് ശക്തമാണ്. എ.കെ. ബാലനും സജി ചെറിയാനും നടത്തുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ മുഖ്യമന്ത്രി പുലർത്തുന്ന മൗനവും, ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ് പിണറായി വിജയനും സമുദായ നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബാന്ധവങ്ങളും.
തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി നേടിയ വിജയം ദേശീയതലത്തിൽ ഒരു നേട്ടമായി അവതരിപ്പിക്കപ്പെടുമ്പോഴും, സ്വന്തം മൂക്കിന് താഴെ നടന്ന ഈ വർഗ്ഗീയ മുന്നേറ്റത്തെക്കുറിച്ച് മുഖ്യമന്ത്രിയോ പാർട്ടി നേതാക്കളോ ആകുലതയോടെ സംസാരിച്ചിട്ടില്ല. ഇ.എം.എസ്സിന്റെ കാലം മുതൽക്കേയുള്ള സമുദായ ധ്രുവീകരണ പരീക്ഷണങ്ങളുടെ പുതിയ രൂപമാണ് ഇപ്പോൾ വിജയനും ചെറിയാനും പരീക്ഷിക്കുന്നത്. "നമ്മൾ എല്ലാവരും ഹിന്ദുക്കൾ ആണ്" എന്ന കൂട്ടസ്മൃതിയുണ്ടാക്കാൻ ഇന്ന് ബി.ജെ.പിയേക്കാൾ തങ്ങൾക്ക് സാധിക്കുമെന്ന് തെളിയിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന ആരോപണം ഗൗരവകരമാണ്.
/filters:format(webp)/kalakaumudi/media/media_files/2026/01/20/do-2026-01-20-10-57-20.jpg)
സജി ചെറിയാന്റെ തലയിലെ ഈ മുതലകളെ കാണുന്നവർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തലയിലെ മുള്ളും മുരിക്കും വന്യമൃഗങ്ങളും കൂടി കാണേണ്ടതുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഈ രാഷ്ട്രീയ കസർത്തുകൾക്കിടയിൽ കേരളം പടുത്തുയർത്തിയ സെക്കുലർ ഫാബ്രിക് തകരുകയാണ്. പിണറായി വിജയനും വി.ഡി. സതീശനും നാളെ രാഷ്ട്രീയത്തിൽ നിന്നും ഇല്ലാതായേക്കാം, പക്ഷേ അവർ അവശേഷിപ്പിച്ചു പോകുന്ന വിഷലിപ്തമായ ഈ വിദ്വേഷ പ്രസ്താവനകൾ വരുംതലമുറയോടുള്ള ക്രൂരതയാണ്.
കേരളത്തിലെ സിവിൽ സമൂഹവും ബുദ്ധിജീവികളും ഈ അപകടകരമായ പോക്കിനെതിരെ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. എല്ലാ വിഭാഗങ്ങളെയും ഒപ്പം നിർത്തിക്കൊണ്ടുള്ള ഒരു യഥാർത്ഥ മതേതര കേരളത്തിന് വേണ്ടിയുള്ള നിലപാടാണ് ഇന്ന് അനിവാര്യം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഒരു വിഭാഗത്തെ അപരവൽക്കരിക്കുകയും മറ്റൊരിടത്ത് വർഗ്ഗീയതയുമായി സമരസപ്പെടുകയും ചെയ്യുന്ന ഈ 'ഉഡായിപ്പ്' രീതികൾ ഉപേക്ഷിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം. കേരളത്തെ മതസഹവർത്തിത്വത്തിന്റെ സംസ്ഥാനമായി നിലനിർത്താനുള്ള ഉത്തരവാദിത്തം ഓരോ കേരളീയനും ഏറ്റെടുക്കേണ്ടതുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
