അമിത് ചക്കാലയ്ക്കലിന്റെ 2 ആഡംബര കാറുകളില്‍ പരിശോധന; മമ്മൂട്ടിയുടേത് നിയമാനുസൃതം

ഛണ്ഡീഗഡ്, മധ്യപ്രദേശ് റജിസ്‌ട്രേഷനുള്ള ലാന്‍ഡ് ക്രൂസര്‍, ലെക്‌സസ് കാറുകളാണ് അമിതിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയത്. ഈ കാറുകള്‍ കസ്റ്റഡിയിലെടുത്തു

author-image
Biju
New Update
MAMM

കൊച്ചി: ഭൂട്ടാനില്‍നിന്ന് നികുതിയടയ്ക്കാതെ വാഹനങ്ങള്‍ ഇന്ത്യയിലെത്തിച്ചു വില്‍പന നടത്തിയെന്ന കേസില്‍ കസ്റ്റംസ് വിവിധ ജില്ലകളില്‍ നടത്തുന്ന റെയ്ഡിന്റെ ഭാഗമായി, നടന്‍ അമിത് ചക്കാലയ്ക്കലിന്റെ വീട്ടില്‍ കണ്ടെത്തിയ 2 വാഹനങ്ങളുടെ വിശദാംശങ്ങള്‍ കസ്റ്റംസ് പരിശോധിക്കുന്നു. ഛണ്ഡീഗഡ്, മധ്യപ്രദേശ് റജിസ്‌ട്രേഷനുള്ള ലാന്‍ഡ് ക്രൂസര്‍, ലെക്‌സസ് കാറുകളാണ് അമിതിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയത്. ഈ കാറുകള്‍ കസ്റ്റഡിയിലെടുത്തു. 

ഇതില്‍ ലെക്‌സസ് തന്റെ സുഹൃത്തിന്റെയാണെന്നും ചില അറ്റകുറ്റപ്പണികള്‍ക്കായി തന്റെ വര്‍ക്‌ഷോപ്പില്‍ കൊണ്ടുവന്നതാണെന്നും അമിത് പറഞ്ഞു. മധ്യപ്രദേശ് റജിസ്‌ട്രേഷനിലുള്ള വാഹനം താന്‍ 5 വര്‍ഷം മുമ്പ് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാ രേഖകളും കസ്റ്റംസിനു സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, നടന്‍ മമ്മൂട്ടി ഏറെക്കാലം താമസിച്ചിരുന്ന കൊച്ചി പനമ്പിള്ളി നഗറിലെ വീടിന്റെ ഗാരിജിലും കസ്റ്റംസ് പരിശോധന നടത്തി. പല കാലങ്ങളില്‍ മമ്മൂട്ടി ഉപയോഗിച്ചിരുന്നതും അദ്ദേഹം ശേഖരിച്ചതുമായ പത്തോളം പഴയ കാറുകളാണ് ഇവിടെയുള്ളത്. അവയില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കസ്റ്റംസിനു കഴിഞ്ഞില്ല എന്നാണ് വിവരം. അഞ്ചു ജില്ലകളിലെ 30 കേന്ദ്രങ്ങളില്‍ കസ്റ്റംസ് നടത്തിയ പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ ഇന്നു വൈകിട്ടു വെളിപ്പെടുത്തുമെന്ന് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. 

തന്റെ വീട്ടിലുള്ള ലാന്‍ഡ് ക്രൂസറുകളില്‍ ഒന്ന് 5 വര്‍ഷമായും മറ്റൊന്ന് 3 വര്‍ഷമായും ഉപയോഗിക്കുന്നതാണെന്ന് അമിത് ചക്കാലയ്ക്കല്‍ പറഞ്ഞു. ഇതിലൊന്ന് 1999 മോഡലാണ്. ഈ വാഹനങ്ങള്‍ ആരുടെ പക്കല്‍ നിന്നാണു വാങ്ങിയതെന്നാണ് കസ്റ്റംസിന് അറിയേണ്ടതെന്നും . അവയുടെ എല്ലാ രേഖകളും കസ്റ്റംസിന് നല്‍കിയിട്ടുണ്ടെന്നും അമിത്തിന്റെ സഹോദരന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

അതേസമയം, അമിത്തിന്റെ പക്കലുള്ളത് നികുതി അടയ്ക്കാതെ കൊണ്ടുവന്ന വാഹനമാണെന്ന സംശയത്തിലാണ് കസ്റ്റംസ്. കൂടുതല്‍ പരിശോധനകള്‍ക്കും ചോദ്യം ചെയ്യലിനും ഹാജരാകാന്‍ അമിത് തയാറാകുന്നില്ലെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പൊലീസിനെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു.

ഇന്നു രാവിലെ പൃഥ്വിരാജ് സുകുമാരന്റെ തേവരയിലെ ഫ്‌ലാറ്റിലും ദുല്‍ഖല്‍ സല്‍മാന്റെ എളംകുളത്തെ വീട്ടിലും കസ്റ്റംസ് സംഘം എത്തിയിരുന്നെങ്കിലും ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ല. 1995 മോഡല്‍ ലാന്‍ഡ്‌റോവര്‍ കാറാണ് പൃഥിരാജ് വാങ്ങിയതെന്ന സംശയത്തിലായിരുന്നു കസ്റ്റംസിന്റെ പരിശോധന. എന്നാല്‍ ഈ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് വിവരം. 

ദുല്‍ഖറിന്റെ പക്കലുള്ള കാറുകള്‍ കസ്റ്റംസ് സംഘം പരിശോധിച്ചു എന്നും ചില കാറുകളുടെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടെന്നും വിവരമുണ്ട്. അതിനിടെ, ദുല്‍ഖറിന്റെ പക്കല്‍ നിന്നും ഡിഫന്‍ഡര്‍ കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ഉച്ചയോടെയാണ് മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ പഴയ വീട്ടിലെത്തി പരിശോധന നടത്തിയത്. ഈ വാഹനങ്ങളെക്കുറിച്ച് ധാരണയുള്ള കൊച്ചിയിലെ എംവിഡി ഉദ്യോഗസ്ഥരും വൈകാതെ സ്ഥലത്തെത്തിയിരുന്നു. ഈ ഗാരിജിലുള്ള പത്തോളം വാഹനങ്ങള്‍ പരിശോധിച്ച കസ്റ്റംസ് സംഘം  ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് മടങ്ങിയത്.

നടന്മാരുടെ വീടുകള്‍ക്കു പുറമെ കൊച്ചി, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആഡംബര യൂസ്ഡ് കാര്‍ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അവിടെനിന്ന് 11 കാറുകള്‍ പിടിച്ചെടുത്തു എന്നാണ് വിവരം. ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂട്ടാനില്‍നിന്ന് ഈ കാറുകള്‍ എങ്ങനെ അതിര്‍ത്തി കടന്നു, ഇതിനു പിന്നിലുള്ള ഡീല്‍ എന്ത് തുടങ്ങിയ കാര്യങ്ങളിന്മേലുള്ള അന്വേഷണമാണ് റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ് സംഘങ്ങള്‍ നടത്തുന്നത്.