കൊച്ചി: 'സൈബര്‍ ബുള്ളിയിങ്' തടയാന്‍ സമഗ്രമായ നിയമത്തിന് എത്രയും വേഗം രൂപം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ലൈംഗിക അധിക്ഷേപം അടക്കമുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ തടയാന്‍ നിയമം പര്യാപ്തമല്ല. 2024 ല്‍ ബിഎന്‍എസ് നിലവില്‍ വന്നിട്ടും മതിയായ വ്യവസ്ഥയില്ല. സൈബര്‍ ബുള്ളിയിങ് കൃത്യമായി നിര്‍വചിക്കാനോ കൈകാര്യം ചെയ്യാനോ ഐടി നിയമത്തില്‍ വ്യവസ്ഥ ഇല്ലാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് സി.എസ്. സുധ വ്യക്തമാക്കി.
എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെതിരെ പ്രതിയായ മലപ്പുറം സ്വദേശി കെ.വി. ഫക്രുദ്ദീന്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുട്യൂബ് വിഡിയോയിലെ പരാമര്‍ശങ്ങളുടെ പേരില്‍ പട്ടികജാതി അതിക്രമം തടയല്‍ നിയമപ്രകാരമാണു കേസ്.
അശ്ലീല പരാമര്‍ശവും അടിസ്ഥാനരഹിതമായ വിമര്‍ശനവും നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തില്‍ അനുവദനീയമാണെന്ന തെറ്റിദ്ധാരണ സമൂഹമാധ്യമലോകത്തുണ്ടെന്നു കോടതി നിരീക്ഷിച്ചു. കേസിലുള്‍പ്പെട്ട വിഡിയോ പരിശോധിച്ച കോടതി, പരാതിക്കാരിയുടെ ജാതിപ്പേര് പറഞ്ഞിട്ടില്ലെങ്കിലും ഉള്ളടക്കം അപകീര്‍ത്തികരമാണെന്നു വിലയിരുത്തി.
സ്വഭാവം മോശമാണെന്ന മട്ടില്‍ ചിത്രീകരിച്ചത് അപകീര്‍ത്തികരമാണ്. ഒരുലക്ഷത്തിലേറെ പേര്‍ വിഡിയോ കണ്ടുവെന്നാണു മൊഴി. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതില്‍ തെറ്റില്ലെന്നു വ്യക്തമാക്കിയ കോടതി, അപ്പീല്‍ തള്ളി.