വി ഡി സതീശനെതിരെ സൈബര്‍ ആക്രമണം തുടരുന്നു പിന്നില്‍ യുവ നേതാക്കള്‍ , തടയാന്‍ കഴിയാതെ നേതൃത്വം

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ സൈബര്‍ ആക്രമണങ്ങളുടെ പ്രഭവകേന്ദ്രം കോണ്‍ഗ്രസിനുള്ളില്‍ നിന്നാണെങ്കിലും അതിനെ തടയാന്‍ കഴിയാതെ തരിച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

author-image
Sreekumar N
New Update
v d satheeshaqn

ശ്രീകുമാര്‍ മനയില്‍ 

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ സൈബര്‍ ആക്രമണങ്ങളുടെ  പ്രഭവകേന്ദ്രം കോണ്‍ഗ്രസിനുള്ളില്‍ നിന്നാണെങ്കിലും അതിനെ തടയാന്‍ കഴിയാതെ  തരിച്ചുനില്‍ക്കുകയാണ്  കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും,  യുഡിഎഫിന്റെ ചെയര്‍മാനുമാണ് വിഡി സതീശന്‍. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് സൈബര്‍  പോരാളികള്‍  തലങ്ങും വിലങ്ങും ആക്രമണമഴിച്ചുവിടുകയാണ്.  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണമുയര്‍ന്നപ്പോള്‍ അതിനെതിരെ വിഡി സതീശന്‍ എടുത്ത കടുത്ത നിലപാട് പാര്‍ട്ടിക്കുള്ളില്‍ വലിയ  വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്്  സതീശന്റെ നിലപാട് മൂലമായിരുന്നു.

കോണ്‍ഗ്രസിലെ  സൈബര്‍ വിംഗിനെ കൈകാര്യം ചെയ്തിരുന്നത്് ഷാഫി പറമ്പിലും  രാഹുല്‍ മാങ്കൂട്ടത്തിലും കൂടെയായിരുന്നു. രാഹുലിനെതിരെ കടുത്ത നിലപാട് കൈക്കൊണ്ടതോടെ  ഈ സൈബര്‍   പോരാളികള്‍ വിഡി സതീശനെതിരെ തിരിയുകയായിരുന്നു.  കടുത്ത  സൈബര്‍ ആക്രമണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടും  അത്  തടയാനാകാതെ കോണ്‍ഗ്രസ് നേതൃത്വം  വിഷമിക്കുകയാണ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെതിരെയുള്ള സൈബര്‍ ആക്രമങ്ങള്‍ക്ക് പിന്നിലെ പാര്‍ട്ടിയിലെ ചില യുവനേതാക്കളാണെന്ന് വ്യക്തമായിട്ടും അതിനെതിരെ ചെറുവിരലനക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് കെപിസിസി നേതൃത്വം.

വിദേശത്ത് നിന്നടക്കമാണ് വി ഡി സതീശനെതിരെ കടുത്ത  സൈബര്‍ ആക്രമണങ്ങളുണ്ടായത്. ചില ഓണ്‍ലൈന്‍ ചാനലുകള്‍ നിരന്തരം അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു നേതാവ് പോലും ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നില്ല.  സൈബര്‍ ആക്രമണങ്ങളുണ്ടായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. കെപിസിസി അധ്യക്ഷന്‍  സണ്ണി ജോസഫ് പോലും  വിഡി സതീശന് വേണ്ടി പരസ്യമായി രംഗത്തുവന്നില്ല. ഇത് പ്രതിപക്ഷ നേതാവിനെ വേദനിപ്പിച്ചുവെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.  യുവനേതാക്കളുടെ  പിന്തുണയോടെ പ്രതിപക്ഷനേതാവിനെതിരെ  നടക്കുന്ന സൈബര്‍ ആക്രമണത്തെ തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാതെ പോകുന്നത്  വലിയ ചര്‍ച്ചയാണ് പാര്‍ട്ടിക്കുള്ളിലുണ്ടാക്കിയിരിക്കുന്നത്. പല നേതാക്കളും രഹസ്യമായി  ഈ യുവ നേതാക്കളെ പിന്തുണക്കുന്നതായും  പ്രോല്‍സാഹിപ്പിക്കുന്നതായും, ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 
വിഡി സതീശനെതിരെയുള്ള നീക്കങ്ങള്‍  ആരുടെ ഭാഗത്ത് നിന്നാണോ ഉണ്ടാകുന്നത് അവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ അതിശക്തരാണെന്നും, കെപിസിസി നേതൃത്വത്തിന് പോലും അവരെ ഭയമാണെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.നിലവിട്ടുള്ള കളിയാണ് ഇവര്‍ കളിക്കുന്നതെന്നും നിയന്ത്രിച്ചില്ലങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ ഇവര്‍ പ്രതിസന്ധിയിലാക്കുമെന്ന് സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ആര്‍ക്കും കഴിയുന്നുമില്ല.   വിദേശത്ത് നിന്നാണ്  ഈ  ആക്രമണങ്ങള്‍ കൂടുതലും നടക്കുന്നത്.  ഇതിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടും ഒരു നടപടിയും എടുക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. അത്തരക്കാരെ തള്ളിപ്പറയാന്‍ പോലും പാര്‍ട്ടി നേതൃത്വം  തെയ്യാറാകുന്നുമില്ല.
പ്രതിപക്ഷ നേതാവിനെ പരസ്യമായി ആക്രമിക്കുന്ന  സൈബര്‍ ചാവേറുകളെ പരസ്യമായി തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാത്തത് ഭീരുത്വം കൊണ്ടാണെന്ന്  ആക്ഷേപിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്.   പാര്‍ട്ടിയുടെ നിയമസഭ  കക്ഷി നേതാവിനെതിരെ പോലും കടുത്ത ആക്രമണം നടന്നിട്ടും ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാത്ത കെപിസിസി നേതൃത്വം ഈ പാര്‍ട്ടിക്ക് എന്തിനാണെന്നാണ്  പാര്‍ട്ടി നേതാക്കള്‍ തന്നെ  ചോദിക്കുന്നത്