/kalakaumudi/media/media_files/2026/01/03/cyber-2026-01-03-12-18-15.jpg)
തിരുവനന്തപുരം: വയോധികനെ വെർച്വൽ അറസ്റ്റിലാക്കി പണം തട്ടാനുള്ള നീക്കം അതിസമർഥമായി പൊളിച്ച് തിരുവനന്തപുരം സൈബർ പൊലീസും ബാങ്ക് മാനേജരും.
ശ്രീവരാഹം സ്വദേശിയായ വയോധികനെയാണ് എൻഐഎ, മുംബൈ പൊലീസും ചമഞ്ഞ് തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്.
തട്ടിപ്പുസംഘത്തിന്റെ ഭീഷണിയിൽ പേടിച്ചു പോയെന്നും അതുകൊണ്ടാണ് പണം കൈമാറാൻ തയാറായതെന്നും വയോധികൻ പറഞ്ഞു.
തട്ടിപ്പുസംഘത്തിന്റെ ഭീഷണിയെ തുടർന്ന് തന്റെ സ്ഥിരനിക്ഷേപമായ പത്തുലക്ഷം പിൻവലിക്കാൻ ബാങ്കിലെത്തിയ വയോധികന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ബാങ്ക് മാനേജർ സൈബർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പണം പിൻവലിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ വീടിന്റെ അറ്റകുറ്റപ്പണിക്കെന്നായിരുന്നു ഇടപാടുകാരന്റെ മറുപടി.
ബാങ്കിലെത്തിയ സൈബർ പൊലീസ് ഫോൺ പരിശോധിച്ചപ്പോഴാണ് വയോധികൻ വെർച്വൽ അറസ്റ്റിലാണെന്നു കണ്ടെത്തിയത്.
ദിവസങ്ങളോളം വെർച്വൽ അറസ്റ്റിൽ കഴിഞ്ഞ അദ്ദേഹം, മാനസികപിരിമുറുക്കം മൂലം ജീവനൊടുക്കാൻ വരെ ചിന്തിച്ചതായും പൊലീസിനെ അറിയിച്ചു.
വാട്‌സ് ആപ്പ് വീഡിയോ കോളിൽ പൊലീസ് എത്തിയെന്ന് മനസിലാക്കിയ തട്ടിപ്പ് ഇതോടെ കോൾ കട്ട് ചെയ്ത് മുങ്ങി.
ഡിസംബർ 17നാണു മുംബൈ പൊലീസെന്ന വ്യാജേന തട്ടിപ്പ് സംഘം ശ്രീവരാഹം സ്വദേശിയായ 74കാരനെ ആദ്യം ബന്ധപ്പെട്ടത്.
അനധികൃത പണം ബാങ്ക് അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കിൽ അതു കൈമാറണമെന്നും ആവശ്യപ്പെട്ടു. ഇതിനായി അക്കൗണ്ട് നമ്പറും നൽകി.
അനധികൃത പണമെത്തിയതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന പേരിൽ വ്യാജ കത്തും ഇവർ കാട്ടി. തന്റെ ആധാർ നമ്പർ സംഘം പറഞ്ഞതോടെ, അദ്ദേഹം പരിഭ്രാന്തനായി.
വിവരം പുറത്തുപറഞ്ഞാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും 10 ലക്ഷം രൂപ കൈമാറാനും സംഘം ആവശ്യപ്പെട്ടു.
പണം നിയമാനുസൃതം സമ്പാദിച്ചതാണോയെന്ന് റിസർവ് ബാങ്കിനു പരിശോധിക്കാനാണെന്നും അറിയിച്ചു.
അടുത്ത ദിവസങ്ങളിലും സംഘം ഭീഷണി തുടർന്നു. അറസ്റ്റ് ഉണ്ടാകുമെന്ന് അറിയിച്ചതോടെ 30നു രാവിലെ ഫോർട്ടിലുള്ള സ്വകാര്യ ബാങ്കിലെത്തി 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിൻവലിക്കാൻ അപേക്ഷ നൽകുകയായിരുന്നു.
സംശയം തോന്നിയ മാനേജർ ബാങ്കിൽ തിരക്കാണെന്നും പിറ്റേന്നു വന്നാൽ പണം പിൻവലിക്കാമെന്നും അറിയിച്ചു.
പിന്നാലെ സൈബർ പൊലീസിനെ വിവരമറിയിച്ചു. പണം പിൻവലിക്കാൻ ബാങ്കിലെത്തിയ അദ്ദേഹത്തിനടുത്തെത്തി സൈബർ ക്രൈമിലെ സിവിൽ പൊലീസ് ഓഫിസർ എം.റോയി കാര്യം തിരക്കിയെങ്കിലും പറയാൻ തയാറായില്ല.
തുടർന്ന് ബൈക്കിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു ഫോൺ പരിശോധിച്ചപ്പോഴാണ് അങ്ങേത്തലയ്ക്കൽ തട്ടിപ്പ് സംഘമാണെന്നു കണ്ടെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
