എം.ടി ഓര്‍മയായി.ഇപ്പോള്‍ മനസ്സില്‍ നിറയുന്നത് രണ്ടു ഫോട്ടോകളാണ്. എംടിയുടെയും മമ്മൂട്ടിയുടെയും കുടുംബങ്ങളാണ് ഫോട്ടോയില്‍.ഈ ഫോട്ടോയില്‍ എംടിയെ സൂക്ഷിച്ചു നോക്കൂ.അപൂര്‍വമായി മാത്രം എംടിയുടെ മുഖത്ത് വിരിയാറുള്ള ഒരു ചെറുപുഞ്ചിരിയുണ്ട്.അത്രമേല്‍ പ്രിയപ്പെട്ട ഒരാളുടെ സാമിപ്യത്തില്‍ മാത്രമേ എംടിയുടെ മുഖത്ത് ഈ പുഞ്ചിരി നിറയാറുള്ളൂ.ഇനി മറ്റൊരു ഫോട്ടോയെ കുറിച്ചുപറയാം.91-ാം ജന്മദിന ആഘോഷത്തിനിടെ മമ്മൂട്ടിയുടെ നെഞ്ചില്‍ തലചായ്ച് നില്‍ക്കുന്ന എം.ടി അപൂര്‍വങ്ങളില്‍ അപൂര്‍വമായ നിമിഷം.എംടിയും മമ്മൂട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം മുഴുവന്‍ വെളിപ്പെടുത്തുന്നുണ്ട് ഈ ഫോട്ടോയിൽ.എംടി ഓര്‍മയായി.ഏറെ വൈകാരികമായ കുറിപ്പാണ് മമ്മൂട്ടി പങ്കുവച്ചത്.നാലു പതിറ്റാണ്ടു നീണ്ട ബന്ധത്തിന്റെ ഊഷ്മളത നിറയുന്നുണ്ട് മമ്മൂട്ടിയുടെ അക്ഷരങ്ങളില്‍.
മമ്മൂട്ടി കുറിക്കുന്നത് ഇങ്ങനെ:
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍,
ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് എനിക്ക് തോന്നി.ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.ഇങ്ങനെയാണ് മമ്മൂട്ടി കുറിച്ചത്
ഒരിക്കല്‍ എംടി പറഞ്ഞു:
മമ്മൂട്ടിയിലെ നടനെ ഇന്നല്ലെങ്കില്‍ നാളെ മറ്റൊരാള്‍ കണ്ടെത്തും എന്ന കാര്യം ഉറപ്പാണ്.ഞാനതിന് നിമിത്തമായി എന്നേയുള്ളു. എനിക്കതില്‍ വളരെയധികം സന്തോഷമുണ്ട്.വ്യത്യസ്തങ്ങളായ അനേകം കഥാപാത്രങ്ങളെ മമ്മൂട്ടി വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.വളരെ ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്.ഉദാഹരണത്തിന് ഞാന്‍ തന്നെ ബന്ധപ്പെട്ടിട്ടുള്ള ഒരു വടക്കന്‍ വീരഗാഥ..ആയുധ അഭ്യാസം,കളരി പയറ്റ് തുടങ്ങിയ കാര്യങ്ങള്‍ വളരെ സ്വാഭാവികമായി മമ്മൂട്ടി ചെയ്തിട്ടുണ്ട്.
അത് എങ്ങനെ ചെയ്യാന്‍ സാധിച്ചുവെന്ന് ചോദിച്ചാല്‍ അധ്വാനം തന്നെ എന്നാണ് ഉത്തരം. ചിലര്‍ അഭിമുഖങ്ങളില്‍ ചോദിക്കാറുണ്ട് മമ്മൂട്ടിയെ ഉദ്ദേശിച്ചിട്ടാണോ എഴുതിയതെന്ന്. അല്ല മമ്മൂട്ടിയെ ഉദ്ദേശിച്ചല്ല എഴുതാറ്.പക്ഷെ എഴുതി കഴിയുമ്പോള്‍ ഇത് മമ്മൂട്ടി ചെയ്താല്‍ കൊള്ളാമെന്ന് തോന്നും. ഇന്നയാളുടെ തീയതി ഉണ്ടെന്ന് പറഞ്ഞ് അയാള്‍ക്ക് പറ്റിയ കഥ വേണമെന്ന് പറഞ്ഞ് ഒരു സംവിധായകനും എന്റെ അടുത്ത് വന്നിട്ടില്ല.ഹരിഹരനോ ഐവി ശശിയോ ഒന്നും എന്റെ അടുത്ത് ഇങ്ങനൊരു കാര്യം പറഞ്ഞ് വന്നിട്ടില്ല. പറഞ്ഞാല്‍ ഞാന്‍ അത് കേള്‍ക്കുകയുമില്ല. അത് വേറെ കാര്യം. പക്ഷെ എഴുതി കഴിയുമ്പോള്‍ ആ കഥാപാത്രത്തിന് എന്റെ മനസില്‍ ഒരു രൂപമുണ്ട്. രൂപം, രൂപഘടന, ആകൃതി, പ്രകൃതി, ചലനം, സംസാരം എന്നിങ്ങനെ...അതിന് യോജിച്ച ആളായിരിക്കും മമ്മൂട്ടി.എംടി പറഞ്ഞു.
എംടിയ്ക്കു മുന്നില്‍ അച്ചടക്കമുള്ള വിദ്യാര്‍ത്ഥിയെ പോലെയായിരുന്നു മമ്മൂട്ടി. ഗുരുവായിരുന്നു മമ്മൂട്ടിക്ക് എംടി.പിതാവിന്റെ സ്ഥാനമാണ് മമ്മൂട്ടി എംടിക്ക് നല്‍കിയതെന്ന് മമ്മൂട്ടിയുടെ അനുസ്മരണ കുറിപ്പില്‍ നിന്നു വ്യക്തം.പ്രിയപ്പെട്ട എംടിയെ കാണാന്‍ മമ്മൂട്ടി എത്തില്ലേ? എല്ലാവരും ചോദിക്കുന്നത് അതാണ്.മമ്മൂട്ടി ഇപ്പോള്‍ അസര്‍ബൈജാനിലാണ്.എംടിയെ കാണാന്‍ മമ്മൂട്ടി എത്തുമോ? അസര്‍ബൈജാനില്‍ നില്‍ക്കുമ്പോഴും മമ്മൂട്ടിയുടെ മനസ്സും ചിന്തകളും കോഴിക്കോട്ടെ സിതാരയില്‍ ശാന്തനായി ഉറങ്ങുന്ന ഗുരുവിനൊപ്പമായിരിക്കും എന്നുറപ്പാണ്.