ആലപ്പുഴ :മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. മരിച്ച അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെയും പോസ്റ്റ് മോർട്ടം ഇന്ന് രാവിലെ 9 മണിക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയായി.മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായിരുന്നു ഇവർ.
ഇന്നലെ രാത്രി 8:45നാണ് ദാരുണമായ അപകടം സംഭവിക്കുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന കെഎസ് ആർടിസി ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്.കാറിൽ ഉണ്ടായിരുന്ന മറ്റുള്ള ആറു പേർ ചികിത്സയിലാണ്.ഇതിൽ രണ്ട്പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്. വാടകയ്ക്ക് എടുത്ത ടവേര കാറിലായിരുന്നു വിദ്യാർത്ഥികൾ യാത്ര ചെയ്തത്.