ഇന്ദുജയുടെ മരണം: അഭിജിത്തിനും അജാസിനും ജാമ്യമില്ല

ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരാണ് പ്രതികള്‍. ഇരുവര്‍ക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

author-image
Prana
New Update
Induja

തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയുടെ ആത്മഹത്യയില്‍ പ്രതികളായ അഭിജിത്തിനും അജാസിനും കോടതി ജാമ്യം അനുവദിച്ചില്ല. നെടുമങ്ങാട് എസ്‌സി- എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരാണ് പ്രതികള്‍. ഇരുവര്‍ക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ജാമ്യം നിഷേധിച്ചത്.
കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ മുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുന്‍പായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം.
സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റിലായിരുന്നു. കേസില്‍ അഭിജിത്താണ് ഒന്നാം പ്രതി. അജാസ് രണ്ടാം പ്രതിയാണ്. ഇതിനിടെ ഇന്ദുജയെ സുഹൃത്ത് അജാസ് മര്‍ദിച്ചിരുന്നുവെന്ന് അഭിജിത്ത് വെളിപ്പെടുത്തി.
ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ട് ദിവസം മുന്‍പ് കാറില്‍ വെച്ച് അജാസ് മര്‍ദിച്ചിരുന്നുവെന്നും അഭിജിത്ത് പറഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ദുജയ്ക്ക് അവസാനമായി വന്ന കോള്‍ അജാസിന്റേതാണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ അജാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

rejected bail application Thiruvananthapuram