ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണം: സഹപാഠി അറസ്റ്റില്‍

ആലപ്പുഴ നൂറനാട് സ്വദേശിയായ എ. അഖിലിനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 18 വയസും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു.

author-image
Prana
New Update
arrest n

അഞ്ചുമാസം ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശിയായ എ. അഖിലിനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 18 വയസും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ സഹപാഠി മൊഴിനല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും പതിനെട്ടുകാരന്‍ സമ്മതിച്ചു. പ്രതിക്ക് പ്രായപൂര്‍ത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനായി ഡി.എന്‍.എ. പരിശോധനയ്ക്കുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡി.എന്‍.എ. പരിശോധനയ്ക്കായി പ്രതിയുടെ രക്തസാമ്പിളും പോലീസ് ശേഖരിച്ചിരുന്നു.
അതിനിടെ, പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായത് ആത്മഹത്യാശ്രമത്തിന് പിന്നാലെയാണെന്നാണു പോലീസിന്റെ നിഗമനം. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. കുട്ടിയുടെ ബാഗില്‍നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പില്‍ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞിരുന്നു.
പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയുംചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതെന്നും പനി ബാധിച്ചതെന്നുമാണ് പോലീസിന്റെ നിലവിലെ നിഗമനം. ഇക്കാര്യം പെണ്‍കുട്ടി മറച്ചുവെച്ചതാണെന്നും പോലീസ് കരുതുന്നു. സംഭവത്തില്‍ പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.

POCSO Case student Minor Girl Arrest