‌സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ഈ വർഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു. 

author-image
Greeshma Rakesh
Updated On
New Update
kerla

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട്.കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പേർ ഈ അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു. 

അതെസമയം രോഗം ബാധിച്ചവരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. 2024 തുടങ്ങി മെയ് മാസം വരെ അയ്യായിരത്തിലധികം പേരാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. എന്നാൽ കഴിഞ്ഞ വർഷക്കാലത്തെ മുഴുവൻ കണക്കുകൾ നോക്കിയാൽ അത് നാലായിരത്തിനും താഴെയാണ്.

മരണനിരക്കിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മുഴുവൻ കണക്കുകൾ നോക്കിയാൽ 7 പേരുടെ മരണമാണ് മഞ്ഞപ്പിത്തം മൂലമെന്ന് വ്യക്തമായത്. അതിന് മുന്നേയുള്ള വർഷവും സമാനമായിരുന്നു സ്ഥിതി. എന്നാൽ ഇത്തവണ ഈ കഴിഞ്ഞ അഞ്ച് മാസം കൊണ്ട് മരണം 13 ലെത്തി.

മലപ്പുറത്ത് മാത്രം 8 മരണമാണ് ഈ വർഷം മഞ്ഞപ്പിത്തം മൂലമെന്ന് കണ്ടെത്തിയത്. ജില്ലയിൽ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് മുൻ കരുതലുകളെടുത്തിട്ടുണ്ട്. രോഗം പടരുന്ന മലയോര മേഖലകളിലെ വീടുകളിൽ കയറി ബോധവൽക്കരണം നടത്തും, കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്തെന്ന് ഉറപ്പുവരുത്തും, വ്യക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണമെന്ന കാര്യവും ജനങ്ങളെ അറിയിക്കും.

 രോഗബാധിതർ കൃത്യമായി വിശ്രമം എടുക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്നലെ ഡിഎംഒയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗവും, അതുമൂലമുള്ള മരണങ്ങളും വർദ്ധിക്കുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അറിയിച്ചു.

മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് കേരളത്തിൽ മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ഓരോ പ്രദേശത്തും ആരോഗ്യവകുപ്പ് രോഗപ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കണക്കുകൾ കൂടിവരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.

 

kerala jaundice Health Departmen