/kalakaumudi/media/media_files/2025/06/30/whatsap-2025-06-30-09-13-31.jpeg)
കൊച്ചി: ട്രേഡ് യൂണിയനിലെ ആളുകൾ രാത്രി വിളിച്ചത് കൊണ്ടാണ് കാർ ഇറക്കാൻ റോഷൻ പോയതെന്ന് കൊച്ചിയിൽ ആഢംബര കാർ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച റോഷൻ ആന്‍റണിയുടെ ഭാര്യ ഷെൽമ. മുൻപും കാർ ഇറക്കാൻ യൂണിയൻ അംഗങ്ങൾ വിളിച്ചിട്ട് റോഷൻ പോയിട്ടുണ്ടെന്ന് ഷെൽമ കലാകൗമുദി ഓൺലൈനോട് പറഞ്ഞു. പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കിൽ അപകടം ഒഴിവായേനെയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഷെൽമ പറഞ്ഞു. മൂന്നും ആറും വയസുള്ള കുഞ്ഞുങ്ങളുള്ള കുടുംബത്തിന്‍റെ ഏക വരുമാനം റോഷന്‍റെ ഷോറൂമിലെ ജോലിയായിരുന്നു.രാത്രി പത്തേകാലോടെയാണ് ഫോൺ വന്നതെന്ന് ഷെൽമ പറഞ്ഞു. ട്രക്ക് വരുമ്പോൾ പോവുന്നത്സ്ഥിരമായിരുന്നു. യൂണിയൻകാരാണ് ഇറക്കുന്നതെന്ന് റോഷൻ പറഞ്ഞിട്ടുണ്ട്. പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കിൽ അപകടം ഉണ്ടാവില്ലായിരുന്നു. രണ്ടു കുഞ്ഞുങ്ങളാണ്. എനിക്ക് ജോലിയില്ല. ഷോറൂമിൽ നിന്നും ആളുകൾ വന്നിരുന്നു. ബോർഡ് മീറ്റിംഗ് കൂടുന്നുണ്ടെന്നും അതിന് ശേഷം വിളിക്കാമെന്നും അറിയിച്ചതായും ഷെൽമ പറഞ്ഞു.
അതേസമയം, സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. ഡ്രൈവറായ അൻഷാദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ അടക്കം വകുപ്പുകൾ ചുമത്തിയാണ് പാലാരിവട്ടം പൊലീസിന്റെ നടപടി. എന്നാൽ മാനുഷിക പിഴവെന്ന് കണ്ടെത്തിയ മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഇത് വരെ രേഖാമൂലം പാലാരിവട്ടം പൊലീസിന് കിട്ടിയിട്ടില്ല. ഇതിന് ശേഷമാകും തുടർനടപടിയെന്ന് പൊലീസ് വിശദീകരിക്കുന്നു. എന്നാൽ സാക്ഷികളുടെ ഉൾപ്പടെ മൊഴികൾ രേഖപ്പെടുത്തിയ പൊലീസ് കൂടുതൽ പേർക്ക് അപകടം വരുത്തിയതിൽ പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.