തിരുവനന്തപുരം: സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുടെ സമ്മർദങ്ങൾക്കിടയിലും എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ.ക്രമസമാധാനച്ചുമതലയിൽ നിന്ന് എ.ഡി.ജി.പിയെ തൽക്കാലം മാറ്റില്ല, അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രം തീരുമാനമെടുക്കുമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.അജിത്കുമാറിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഈമാസം 24ന് ലഭിക്കുമെന്നും വ്യക്തമാക്കി.
ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ അജിത്കുമാറിനെതിരെ നടപടിയെടുക്കൂ എന്ന കടുംപിടിത്തം വീണ്ടും ആവർത്തിക്കുകയാണ് മുഖ്യമന്ത്രി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാനച്ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ നീക്കാൻ സി.പി.ഐ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 13നു പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അജിത്കുമാറിനെ ഡി.ജി.പി ചോദ്യംചെയ്തിരുന്നു.