ദീപക്കിന്റെ കുടുംബത്തിന് 3.70 ലക്ഷം കൈമാറി; ജനുവരി 17 'പുരുഷാവകാശ ദിന'മായി ആചരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍

ദീപക്കിന്റെ കുടുംബത്തിന് വിവിധ സംഘടനകള്‍ വഴി സമാഹരിച്ച 3.70 ലക്ഷം രൂപ കൈമാറി. ദീപക്കിന്റെ ഓര്‍മ്മയ്ക്കായി ഇനി മുതല്‍ ജനുവരി 17 'പുരുഷാവകാശ ദിന'മായി ആചരിക്കുമെന്ന് ദീപക്കിന്റെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഈശ്വര്‍ പറഞ്ഞു

author-image
Biju
New Update
easwer

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവും പിന്തുണയുമായി പുരുഷാവകാശ സംഘടനകള്‍. ദീപക്കിന്റെ കുടുംബത്തിന് വിവിധ സംഘടനകള്‍ വഴി സമാഹരിച്ച 3.70 ലക്ഷം രൂപ കൈമാറി. ദീപക്കിന്റെ ഓര്‍മ്മയ്ക്കായി ഇനി മുതല്‍ ജനുവരി 17 'പുരുഷാവകാശ ദിന'മായി ആചരിക്കുമെന്ന് ദീപക്കിന്റെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുല്‍ ദീപക്കിന്റെ വീട്ടില്‍ എത്തുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു.

ദീപക്കിനെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രതി വിദേശത്തേക്ക് കടന്നതായി സംശയമുണ്ടെന്നും ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കേസില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കും. ക്രൈം ബ്രാഞ്ചോ സിബിഐയോ കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം.

അപകീര്‍ത്തികരമായ വീഡിയോകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് സംരക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നു. പുരുഷന്മാര്‍ നേരിടുന്ന അതിക്രമങ്ങളും പരാതികളും കേള്‍ക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസില്‍ പോലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.