/kalakaumudi/media/media_files/2026/01/21/shimjitha-2-2026-01-21-17-38-47.jpg)
കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന തരത്തില്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഷിംജിത മുസ്തഫ ജയിലിലേക്ക്. ഷിംജിതയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കുന്നമംഗലം കൊടതിയാണ് പ്രതിയെ റിമാന്‍ഡില്‍ വിട്ടത്. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിതയ്ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
വടകരയിലെ ബന്ധു വീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. പൊലീസ് കേസെടുത്തതോടെ ഷിംജിത ഒളിവില്‍ പോയിരുന്നു. സംസ്ഥാനം വിട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനും പ്രതി ശ്രമം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷിംജിതയെ ഇന്ന് ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അതീവ രഹസ്യമായാണ് പൊലീസ് നീക്കം നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം, പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ദീപക് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടിയാണ് പൊതുപ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമൂഹിക മാധ്യമങ്ങളിലെ യുവതിയുടെ ആരോപണം ദീപക്കിനെ മാനസികമായി തകര്‍ത്തെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ദീപക് നിരപരാധിയാണെന്നും ഇക്കാര്യത്തിലുള്ള വിഷമം പങ്കുവെച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
