ദീപക്കിന്റെ മരണം ;ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന,ബസിലെ വീഡിയോ എഡിറ്റ് ചെയ്തു

വീഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.യുവതി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്

author-image
Devina
New Update
deepak shim

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവർ മംഗളൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ദീപക്കിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ഇവരുടെ മൊബൈൽ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്.

 അതിനിടെ ഷിംജിത മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.അതിനിടെ യുവതി വിഡിയോ ചിത്രീകരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എന്നാൽ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്. യുവതി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 വീഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ എന്ന സ്വകാര്യ ബസിലാണു യുവതി വീഡിയോ ചിത്രീകരിച്ചത്.

കേസ് രജിസ്റ്റർ ചെയ്തയുടൻ പൊലീസ് ബസ് ഉടമയെ ബന്ധപ്പെടുകയും ദൃശ്യങ്ങൾ സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിയാണു മെഡിക്കൽ കോളജ് പൊലീസ് സിസിടിവി ഹാർഡ് ഡിസ്‌ക് പരിശോധിച്ചതും കസ്റ്റഡിയിലെടുത്തും. ഇരുവരും ബസിൽ കയറിയതു മുതലുള്ള ദൃശ്യങ്ങളാണു പരിശോധിച്ചത്.

ഇത്തരമൊരു സംഭവം ബസിൽ നടന്നതായി ശ്രദ്ധയിൽ പെട്ടില്ലെന്ന് കണ്ടക്ടർ രാമകൃഷ്ണനും ഡ്രൈവർ പ്രകാശനും പൊലീസിനു മൊഴി നൽകി. ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലും യുവതി പരാതിപ്പെട്ടിരുന്നില്ല. റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ നിന്നു ദീപക് മുൻവശത്തെ വാതിലിലൂടെയും ഷിംജിത പിൻവശത്തെ വാതിലിലൂടെയും കയറുന്ന ദൃശ്യങ്ങളാണു ലഭിച്ചത്.