ദീപക്കിന്റെ മരണം ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്

author-image
Devina
New Update
shimjitha

കോഴിക്കോട് : സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ.

 ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോർട്ടാണ് മെഡിക്കൽ കോളജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

 പൊലീസ് റിപ്പോർട്ട് കൂടി പരിശോധിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ദീപക് ജീവനൊടുക്കിയതിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുകയാണ് ഷിംജിത.

അതിനിടെ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യാത്രക്കാരി പൊലീസിനെ സമീപിച്ചിട്ടുണ്ട്. പ്രചരിക്കപ്പെട്ട വീഡിയോയിൽ താൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ആളുകൾ തെറ്റിദ്ധരിക്കുമെന്നതിനാൽ വീഡിയോ പിൻവലിക്കണമെന്നാവശ്യപ്പെട്ടുമാണ് പെൺകുട്ടി കണ്ണൂർ സിറ്റി സൈബർ പൊലീസിനെ സമീപിച്ചത്.