/kalakaumudi/media/media_files/2025/08/31/whatsapp-im-2025-08-31-13-09-18.jpeg)
തൃക്കാക്കര: ഓരോ വകുപ്പും തങ്ങളുടെ കീഴിൽ വരുന്ന പ്രവർത്തനങ്ങളും പദ്ധതികളുടെ പുരോഗതിയും മാസത്തിൽ ഒരു തവണയെങ്കിലും അവലോകനം ചെയ്യണമെന്ന് ജില്ലാ വികസന സമിതി യോഗം. ഇതിലൂടെ വിവിധ വിഷയങ്ങളിൽ സമയബന്ധിതമായി നടപടികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങൾ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാൻ കഴിയുമെന്നും യോഗം വിലയിരുത്തി.
വകുപ്പുകൾ തമ്മിലുള്ള പരസ്പര സഹകരണം ഉറപ്പാക്കി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് പി.വി ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. വാഴക്കുളം, കുമാരപുരം എന്നീ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ച പദ്ധതികളിൽ കാലതാമസം നേരിടുന്നുണ്ട്. ഇത് എത്രയും വേഗം പരിഹരിക്കണം. കിഴക്കമ്പലം ബസ് സ്റ്റാന്റുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഈ വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടൽ ഉണ്ടാകണം. ഐക്കരനാട്ടിലെ ജലജീവൻ മിഷനുമായി ബന്ധപ്പെട്ട പദ്ധതിക്കായി സ്ഥലം ലഭ്യമാക്കുന്നതിൽ വകുപ്പുകൾ പ്രായോഗികമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവാങ്കുളം ജംഗ്ഷനിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും അതു പരിഹരിക്കാൻ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അനൂപ് ജേക്കബ് എം.എൽ എ ആവശ്യപ്പെട്ടു. കുരീക്കാട് റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പു നടപടികളുടെ കാലതാമസം ഒഴിവാക്കണം. അറ്റകുറ്റപ്പണികളിലൂടെ മുളന്തുരുത്തിയിലെ റവന്യൂ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം.
ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിൽ ആക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.വൈപ്പിൻ മണ്ഡലത്തിൽ വിവിധ കാരണങ്ങളാൽ കുടിവെള്ളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള ശാശ്വത നടപടികൾ വേണമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. കുഴുപ്പിള്ളി ഐക്യസമാജം പാടശേഖരത്തിൽ വെർട്ടിക്കൽ ആക്സിയൽ ഫ്ലോപ്പ് പമ്പ് സ്ഥാപിക്കുന്ന പദ്ധതി വേഗത്തിലാക്കണം. വേലിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഓരു വെള്ളം കയറുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലെ നടപടികളുടെ പുരോഗതിയും അദ്ദേഹം ആരാഞ്ഞു. ഓണം വാരാഘോഷം മികച്ച രീതിയിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.ഓരോ വിഷയത്തിലും പ്രശ്നപരിഹാരത്തിൽ ഊന്നിയ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ടി. ജ്യോതിമോൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.