/kalakaumudi/media/media_files/2024/11/25/7PRDzx0dlYBp0eq9hNuK.jpg)
കൊച്ചി : ജില്ലയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ 307.69 കോടി രൂപയുടെ നിക്ഷേപം. പത്തുവര്‍ഷത്തിലേറെയായി ഒരു ഇടപാടു പോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുന്നതെന്ന് ലീഡ് ബാങ്ക് മാനേജര്‍ സി. അജിലേഷ് അറിയിച്ചു.അവകാശികളെ കണ്ടെത്തുന്നതിനായി റിസര്‍വ്ബാങ്ക് ദേശീയതലത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' പരിപാടിയുടെ ഭാഗമായി ഡിസംബര്‍ 29ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.
ഹൈക്കോടതിക്ക് സമീപം ഇന്‍ഫന്റ് ജീസസ് പാരിഷ് ഹാളില്‍ രാവിലെ 10 മുതലാണ് ക്യാമ്പ്. ജില്ലയില്‍ അവകാശികളില്ലാത്ത 11.93 ലക്ഷം അക്കൗണ്ടുകള്‍ നിലവില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയും കേരളത്തില്‍ 2133.72 കോടി രൂപയുമാണ് അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്.നിക്ഷേപകരുടെ മരണം, വിദേശവാസം തുടങ്ങിയ കാരണങ്ങളാല്‍ അക്കൗണ്ടുകളില്‍ ഇടപാടുകള്‍ മുടങ്ങാറുണ്ട്. മരിച്ചവരുടെ അനന്തരാവകാശികള്‍ക്കും അക്കൗണ്ടിനെ കുറിച്ച് അറിവുണ്ടാവില്ല. നിക്ഷേപത്തിന്റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകള്‍ 29 ന് സംഘടിപ്പിക്കുന്ന ക്യാമ്പിലെത്തുന്നവരുടെ കൈവശമുണ്ടാകണം. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെയാണ് ക്യാമ്പ്. ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി സെന്ററുകള്‍ എന്നിവയും ക്യാമ്പിന്റെ ഭാഗമാണ്.അവകാശികളാണെന്ന് ബോധ്യമായാല്‍ തുക തിരികെ ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ക്യാമ്പില്‍ ലഭിക്കും. തുടര്‍ നടപടികള്‍ക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
