തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല;ദുരൂഹത, കർണാടകയിലും അന്വേഷണം

താന്‍ സുരക്ഷിതനാണെന്നും വീട്ടിലേക്ക് തിരിച്ചുവരികയാണെന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞതായാണ് വിവരം.

author-image
Vishnupriya
New Update
dc

തിരൂര്‍: കാണാതായ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബ് ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടെന്ന് വിവരം. താന്‍ സുരക്ഷിതനാണെന്നും വീട്ടിലേക്ക് തിരിച്ചുവരികയാണെന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞതായാണ് വിവരം.

എവിടെയാണെന്ന ചോദ്യത്തിന് ദൂരെയാണെന്നും ഇപ്പോള്‍ ബസ്സ്റ്റാന്റിലാണുള്ളതെന്നും വ്യക്തമാക്കിയ അദ്ദേഹം, സംസാരിക്കാന്‍ പറ്റിയ സാഹചര്യത്തിലല്ലെന്നും പ്രതികരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ചാലിബിന്റെ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണ്. ഇതേ തുടര്‍ന്ന് പോലീസ് കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

തിരൂര്‍ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ ബുധനാഴ്ച വൈകീട്ട് ഓഫീസില്‍നിന്ന് വരുന്നവഴിയാണ് കാണാതായത്. ഓഫീസില്‍നിന്ന് അദ്ദേഹം വൈകീട്ട് അഞ്ചേകാലോടെ ഇറങ്ങിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അതിനുശേഷം ഭാര്യ വിളിച്ചപ്പോള്‍ തിരിച്ചെത്താന്‍ വൈകും എന്നാണ് അറിയിച്ചത്. പിന്നീട് വാട്സാപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പോലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും പറഞ്ഞു.

രാത്രി 11 വരെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാത്രി 12.18-ന് ഓഫ് ആയ ഫോണ്‍ പിന്നീട് രാവിലെ 6.55-ന് അല്‍പസമയം ഓണ്‍ ആയതായി കണ്ടിരുന്നു. ആദ്യഘട്ടത്തില്‍ അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് പാളയം ഭാഗത്താണെന്നാണ് കാണിച്ചിരുന്നത്. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. ദേശീയപാത മണ്ണെടുപ്പ് പ്രശ്‌നത്തില്‍ ഇരിമ്പിളിയത്ത് ഇദ്ദേഹം സര്‍വേക്ക് പോയിരുന്നു.

കാണാതായെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും പോലീസ് വീട്ടുകാരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

ചാലിബിനെ കാണാതായ സംഭവത്തില്‍ മണ്ണെടുപ്പ് മാഫിയക്ക് പങ്കുണ്ട് എന്ന് സംശയിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പ്രദീപ് പറയുന്നു. റവന്യൂ വകുപ്പില്‍ ജോലിചെയ്യുന്ന ചാലിബിന് ഭീഷണി സന്ദേശങ്ങളും ഫോണ്‍ കോളുകളും വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡുമായോ മണ്ണെടുപ്പ് മാഫിയയുമായി ബന്ധപ്പെട്ട ഏതെങ്കിലും കാരണംകൊണ്ടാണോ ചാലിബ് ഇപ്പോള്‍ കര്‍ണാടകയില്‍ എത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പോലീസ് അന്വേഷണം തുടരുകയാണ്.

thirur deputy tahasildar missing case