പൊലീസ് തലപ്പത്ത് വലിയ അഴിച്ചു പണി വരുന്നു

പ്രത്യേകിച്ച് ജമ്മുവിലെ നുഴഞ്ഞുകയറ്റം വന്‍ തിരിച്ചടിയായ പശ്ചാത്തലത്തിലാണ് ബിഎസ്എഫ് മേധാവി സ്ഥാനത്ത് നിന്നും നിതിന്‍ അഗര്‍വാളിനെ നീക്കികൊണ്ടുള്ള കേന്ദ്രത്തിന്റെ അസാധാരണ നീക്കമുണ്ടായത്

author-image
Prana
New Update
police
Listen to this article
0.75x1x1.5x
00:00/ 00:00

സീനിയര്‍ ഐ.പി.എസ് ഓഫീസറായ നിതിന്‍ അഗര്‍വാള്‍ തിരിച്ചു വരുന്നതോടെ സംസ്ഥാന പൊലീസ് തലപ്പത്ത് വലിയ അഴിച്ചു പണിയുണ്ടാകും. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനേക്കാള്‍ സീനിയറാണെങ്കിലും, സംസ്ഥാന പൊലീസ് മേധാവിയായി നിതിന്‍ അഗര്‍വാളിനെ കേരളസര്‍ക്കാര്‍ നിയമിക്കില്ലെന്നാണ് സൂചന.പ്രത്യേകിച്ച് ജമ്മുവിലെ നുഴഞ്ഞുകയറ്റം വന്‍ തിരിച്ചടിയായ പശ്ചാത്തലത്തിലാണ് ബിഎസ്എഫ് മേധാവി സ്ഥാനത്ത് നിന്നും നിതിന്‍ അഗര്‍വാളിനെ നീക്കികൊണ്ടുള്ള കേന്ദ്രത്തിന്റെ അസാധാരണ നീക്കമുണ്ടായത് എന്നതിനാല്‍, ക്രമസമാധാന ചുമതലയ്ക്ക് നേതൃത്വം നല്‍കുന്ന ഡി.ജി.പി തസ്തികയിലേക്ക് പരിഗണിക്കാനുള്ള ഒരു സാധ്യതയും നിലവിലില്ല. ഇപ്പോഴത്തെ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ഒരു വര്‍ഷത്തോളം കാലാവധി അവശേഷിക്കുന്നതിനാല്‍ അദ്ദേഹം തന്നെ തല്‍സ്ഥാനത്ത് തുടരാനാണ് സാധ്യത.സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞാല്‍ പിന്നെ നിതിന്‍ അഗര്‍വാളിനെ പരിഗണിക്കാന്‍ സാധ്യതയുള്ളത് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ ഫോഴ്‌സ് മേധാവി തസ്തികയിലേക്കാണ്. ഇതില്‍ തന്ത്രപ്രധാനമായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിതിന്‍ അഗര്‍വാളിനെ പരിഗണിക്കണമെങ്കില്‍, രാഷ്ട്രീയ തീരുമാനം അനുകൂലമാവേണ്ടതുണ്ട്. നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ടി.കെ വിനോദ് കുമാര്‍ വിആര്‍എസ് എടുത്ത് പോകാനിരിക്കുന്ന സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് സര്‍ക്കാരിന് പകരം ആളെ കണ്ടെത്തേണ്ടതുണ്ട്. നിതിന്‍ അഗര്‍വാള്‍ അല്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത ഉള്ളവരുടെ ലിസ്റ്റില്‍ കെ.പത്മകുമാറുമുണ്ട്.

police