കൊച്ചി: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും ശക്തമായ കാറ്റും വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി. കെ.എസ്.ഇ.ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത ആഘാതമാണ് നേരിട്ടത്. ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും ഒരുപോലെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈദ്യുതി ലൈനുകളും പോസ്റ്റുകളും ട്രാന്‍സ്ഫോര്‍മറുകളും ഉള്‍പ്പെടെയുള്ളവയ്ക്ക് തകരാറുകള്‍ സംഭവിച്ചതായി കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
പെരുമ്പാവൂര്‍, ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ കീഴിലുള്ള 44 സെക്ഷനുകളിൽ കീഴില്‍ അതിരൂക്ഷ മഴക്കെടുതിയാണ് നേരിടുന്നത് . ഇത് പരിഹരിക്കാൻ സര്‍ക്കിള്‍ തലത്തില്‍ ദ്രുത കർമ്മ സേന രൂപീകരിച്ചു.
അങ്കമാലി ഡിവിഷനു കീഴില്‍ അങ്കമാലി, കറുകുറ്റി, മൂക്കന്നൂര്‍, പാറക്കടവ് സെക്ഷനുകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും 11 കെ .വി ഫീഡറുകള്‍ തകരാറിലാവുകയും ചെയ്തിട്ടുണ്ട്. 6 ഹൈ ടെൻഷൻ(എച്. ടി) പോസ്റ്റുകൾ , 41 ലോ ടെൻഷൻ( എൽ. ടി) പോസ്റ്റുകള്‍ എന്നിവ ഒടിഞ്ഞു. പലയിടങ്ങളില്‍ മരങ്ങള്‍ പിഴുതു വീണ് കമ്പികള്‍ പൊട്ടി.
ആലുവ ഡിവിഷന്റെ കീഴിലുള്ള കുന്നുകര, ചെങ്ങമനാട് , കളമശ്ശേരി, അത്താണി തുടങ്ങിയ ഭാഗങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ട്. ഡിവിഷനു കീഴില്‍ 5 എച്. ടി പോസ്റ്റുകളും , 67 എൽ. ടി പോസ്റ്റുകള്‍ എന്നിവ മരം വീണ് ഒടിയുകയും , 185 ഭാഗങ്ങളില്‍ എൽ. ടി ലൈനുകള്‍ പൊട്ടുകയും , എട്ട് ഇടങ്ങളില്‍ പോസ്റ്റുകള്‍ ചരിയുകയും ചെയ്തു. നാഷണല്‍ ഹൈവേ ഭാഗങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ ഹൈ ടെൻഷൻ ലൈനില്‍ വീണ് വൈദ്യുതി തടസ്സം നേരിട്ടു.
പെരുമ്പാവൂര്‍ ഡിവിഷന്റെ കീഴിലുള്ള കുറുപ്പംപടി സെക്ഷന്‍ പരിധിയില്‍ മരം വീണ് 33 കെ.വി. സബ്സ്റ്റേഷന്‍ വിതരണ ശൃംഖല തകരാറിലായി. മരം വെട്ടി മാറ്റി വൈദ്യുതി പുന:സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡിവിഷന്റെ കീഴില്‍ 2 എച് ടി പോസ്റ്റുകൾ 33 എൽ ടി പോസ്റ്റുകള്‍ എന്നിവ മരം വീണ് ഒടിയുകയും , 137 ഇടങ്ങളിൽ ലോ ടെൻഷൻ ലൈനുകള്‍ പൊട്ടുകയും, അഞ്ചിടങ്ങളിൽ ഹൈടെൻഷൻ ലൈനുകള്‍ പൊട്ടുകയും, 11 ഇടങ്ങളില്‍ പോസ്റ്റുകള്‍ ചരിഞ്ഞിട്ടുമുണ്ട്.
മുവാറ്റുപുഴ ഡിവിഷൻ്റെ കീഴിൽ 17 എച്. ടി പോസ്റ്റുകൾ, 58 എൽ. ടി പോസ്റ്റുകൾ എന്നിവ മരം വീണ് ഒടിയുകയും, 614 ഭാഗങ്ങളിൽ എൽ.ടി ലൈനുകൾ പൊട്ടുകയും, 70 ഇടങ്ങളിൽ പോസ്റ്റുകൾ ചരിഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്. 313 ലൊക്കേഷനുകളില്‍ എല്‍.ടി. ലൈനുകളില്‍ മരം വീഴുകയും ചെയ്തിട്ടുണ്ട്.
പിറവം സെക്ഷനുകീഴിലുള്ള കണ്ണേറ്റുമല 100 കെ.വി.എ ട്രാന്‍സ്ഫോര്‍മര്‍ മണ്ണിടിച്ചില്‍ മൂലം ഡി.പി .സ്ട്രക്ചര്‍ ഉള്‍പ്പെടെ മറിഞ്ഞുവീണു. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നതിനായുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തില്‍ സെക്ഷന്‍ തലത്തില്‍ നടന്നുവരുകയാണ്.