ശബരിമലയില്‍ സ്‌പോണ്‍സറും ഇടനിലക്കാരും വേണ്ട: കെ ജയകുമാര്‍

സ്‌പോണ്‍സേഴ്‌സിന് ബാങ്ക് ബാലന്‍സ് ഉണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നതായി ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി

author-image
Biju
New Update
JAYAKUMAR

സന്നിധാനം: ശബരിമലയില്‍ സ്‌പോണ്‍സര്‍മാരെ നിയന്ത്രിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. അതിനായി മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കും. സ്‌പോണ്‍സേഴ്‌സിന് ബാങ്ക് ബാലന്‍സ് ഉണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നതായി ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.

മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള പ്രാഥമികമായ പട്ടിക തയാറാക്കിയിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പ് ആവശ്യമുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ച ശേഷമാകും നടപടി ഉണ്ടാവുക. നിലവില്‍ സ്പോണ്‍സര്‍മാര്‍ താത്പര്യം അറിയിച്ച് ദേവസ്വം ബോര്‍ഡിനെ സമീപിക്കുന്ന സാഹചര്യമാണുള്ളത്. അത്തരത്തിലുള്ള സാഹചര്യം വേണ്ട എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയത്.

ശബരിമല സന്നിധാനത്ത് മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പര്‍ണശാലകള്‍ കെട്ടി മകരവിളക്ക് ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തും പരിസരത്തും തമ്പടിച്ച് തുടങ്ങി. മകര വിളക്ക് പ്രമാണിച്ച് ശബരിമലയില്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവാഭരണ ഘോഷയാത്ര നാളെ വൈകീട്ടോടെ സന്നിധാനത്തെത്തും. രണ്ടുദിവസമായി പര്‍ണശാലകള്‍ കെട്ടി അയ്യപ്പ ഭക്തര്‍ സന്നിധാനത് തന്നെ ഇടം പിടിച്ചിരിക്കുകയാണ്.