/kalakaumudi/media/media_files/2025/10/31/head-2025-10-31-15-58-46.jpg)
തിരുവനന്തപുരം: പൊലീസിന്റെ കേസന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് ഡിജിപി. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിര്‍ദേശവും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് ഡിജിപിയുടെ വിശദീകരണം. ബുധനാഴ്ചയാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുന്‍പും പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവെക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിമാര്‍ വിവിധ സര്‍ക്കുലറുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
സമീപകാലത്ത് ഒരു കേസ് പരിഗണിച്ചപ്പോള്‍, പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യവും അത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും ഹൈക്കോടതി വിലയിരുത്തുകയുണ്ടായി.
കുറ്റാരോപിതന്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശരിയല്ല. അതുകൊണ്ടുതന്നെ അന്വേഷണ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് തുടര്‍ വിചാരണയെയും അന്വേഷണത്തെയും ബാധിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
തുടര്‍ന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി കേസന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പങ്കുവെക്കുന്നത് വിലക്കിക്കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. എസ്എച്ച്ഓ ഉള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
