കൊച്ചി : എറണാകുളം കോതമംഗലത്ത് യുപി സ്വദേശിയായ ആറുവയസുകാരിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്.കുട്ടി ശ്വാസം മുട്ടി മരിച്ചതാണെന്ന പോസ്റ്റ്‌മോർട്ടം നിഗമനം ശരിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.മരിച്ച കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനിടെ രണ്ടാനമ്മയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൊലപാതകത്തെക്കുറിച്ച് കുട്ടിയുടെ പിതാവിന് അറിവില്ലായിരുന്നുവെന്നാണ് പോലീസിൻ്റെ നിഗമനം.റൂറൽ എസ്പി വൈഭവ് സക്‌സേന ഇരുവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്തുവരികയാണ്.അതിനു പിന്നാലെ പോലീസ് അന്തിമ തീരുമാനത്തിലെത്തും.കോതമംഗലം നെല്ലിക്കുഴി ഒന്നാം വാർഡിലെ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന യുപി സ്വദേശി അജാസ് ഖാൻ്റെ ആറുവയസ്സുകാരി മുസ്കാനാണ് മരിച്ചത്.രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.കുട്ടി മരിച്ചതായാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
ഇതേത്തുടർന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.ആറുവയസുകാരിയുടെ മരണം കൊലപാതകമാണെന്ന് സംശയം ജനിപ്പിക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതാണ് കൊലപാതക സാധ്യതയിലേക്കുള്ള അന്വേഷണം ഊർജിതമാക്കാൻ പോലീസിനെ പ്രേരിപ്പിച്ചത്. മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്ത് കസ്റ്റഡിയിലെടുത്തതോടെയാണ് രണ്ടാനമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്.