/kalakaumudi/media/media_files/2025/07/29/n-arun-2025-07-29-09-02-12.jpg)
കൊച്ചി: സി.പി.ഐയിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും പരിഹരിച്ചെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എൻ. അരുൺ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതും അച്ചടക്കനടപടി സ്വീകരിക്കുന്നതുമെല്ലാം സ്വാഭാവികമാണ്. അന്വേഷണം നടത്തുന്നത് പുറത്താക്കാനല്ല. അച്ചടക്കം നിലനിറുത്തുകയാണ് പ്രധാനം. നിലവിൽ ആർക്കെതിരെയും നടപടി ആലോചിക്കുന്നില്ല. വൈപ്പിൻ മേഖലയിൽ ഉൾപ്പെടെ സി.പി.എമ്മുമായുള്ള അഭിപ്രായവ്യത്യാസങ്ങളും പരിഹരിച്ചിട്ടുണ്ട്.
പി. രാജു വിഷയം അടഞ്ഞ അദ്ധ്യായമാണ്. രാജുവിന്റെ കുടുംബവുമായി നല്ലബന്ധമാണ്. തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളായിരുന്നു അവിടെയുണ്ടായത്. കെ.ഇ. ഇസ്മയിലിനെതിരെയുള്ള നടപടിക്ക് രാജു വിഷയവുമായി ബന്ധമില്ലെന്നും അരുൺ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവിനെതിരായ ആരോപണങ്ങളുടെ വസ്തുത പുറത്തുവന്നതിനുശേഷം മാത്രം പ്രതികരിക്കാം. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ജില്ലയിൽ വൻമുന്നേറ്റം സമ്മാനിക്കുകയാണ് ലക്ഷ്യം. വർഗീയ, ജനാധിപത്യവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കും. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കും. സംഘപരിവാർ നല്ലവാക്കും ചിരിയുമായി കടന്നുവരുന്നത് മതനന്യൂനപക്ഷങ്ങളെ അടിച്ചമർത്താനാണ്. ഈ ബോദ്ധ്യം ബന്ധപ്പെട്ടവർക്കുണ്ടാകണം. വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ കടന്നുകയറ്റം അനുവദിക്കില്ല. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ സ്വാഗതവും സെക്രട്ടറി ഷജിൽകുമാർ നന്ദിയും പറഞ്ഞു.