/kalakaumudi/media/media_files/2025/09/02/supreme-court-2025-09-02-11-15-12.jpg)
ദില്ലി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവർണർ. ഇതുസംബന്ധിച്ച് ഗവർണർ സുപ്രീംകോടതിയിൽ ഹർജി നൽകി. സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നും സുപ്രീം കോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി നിയമിച്ച പാനലിൽ പേരുകൾ സമർപ്പിക്കേണ്ടത് ചാൻസിലർക്ക് ആണെന്നും ഗവർണർ വ്യക്തമാക്കി. കേസിൽ കക്ഷി ചേരാൻ യുജിസി അപേക്ഷ നൽകിയിട്ടുണ്ട്. സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും യുജിസി വ്യക്തമാക്കി.വൈസ് ചാൻസിലർ നിയമനത്തിൽ മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാക്രമത്തിലാണ് ഗവർണർ നിയമനം നടത്തേണ്ടത് എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ മുഖ്യമന്ത്രിക്ക് മുൻഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുൻഗണനാക്രമത്തിൽ നിയമനം നടത്തണമെന്നുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ശുപാർശയിൽ എതിർപ്പുണ്ടെങ്കിൽ ചാൻസലർ സുപ്രീംകോടതിയെ അറിയിക്കണം. തുടർന്ന് ഇക്കാര്യത്തിൽ സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന പേരുകൾ മുൻഗണന ക്രമം നിശ്ചയിച്ച് രണ്ടാഴ്ച്ചയ്ക്കുളളിൽ ചാൻസിലറിന് നൽകണമെന്നാണ് നിർദേശം. പേരുകളിൽ എതിർപ്പില്ലെങ്കിൽ ചാൻസിലറായ ഗവർണർ രണ്ടാഴ്ച്ചയ്ക്കുള്ളിൽ വിസി നിയമനം നടത്തണമെന്നും ഉത്തരവിലുണ്ട്.