/kalakaumudi/media/media_files/2026/02/01/wha-2026-02-01-13-13-25.jpeg)
അജിത റ്റി. പി. കൃഷ്ണ
കവിത
ഡിപ്രഷൻ
അജിത റ്റി. പി. കൃഷ്ണ
ചിലയിടങ്ങളിൽ
തനിച്ചാക്കപ്പെട്ടവരെ
കണ്ടിട്ടുണ്ടോ?
അവർ
നമുക്കടുത്തു വന്നിരുന്ന് മൗനത്തിലേക്കാഴ്ന്നിറങ്ങും,
പുഞ്ചിരിക്കുളളിലെ
സങ്കടത്തെ
നാമറിയാതെ
മുഖപേശിക്കുള്ളിൽ
മറച്ചുവയ്ക്കും,
നമുക്കു മുഖംതരാതെ
പലവട്ടം
മിടയിറക്കുന്നുണ്ടാകും,
ഒരു ചുമരിനോരംപറ്റി
തലയുടെ പിൻവശം
കൊണ്ട്
തേഞ്ഞൊരുചിത്രം വരച്ചിരിക്കും,
ഇടക്കിടെ പാഴായ സ്വപ്നങ്ങളിലേക്കെത്തി നോക്കി
നിശ്വാസമയക്കും,
ഇനിയും...
നിങ്ങൾക്കവരെ മനസ്സിലായില്ലെങ്കിൽ,
നിങ്ങളറിഞ്ഞില്ലെന്ന്
നടന്നുനീങ്ങിയെങ്കിൽ
വാക്കില്ലാതെ
പതിഞ്ഞൊരു
തേങ്ങലുതിർത്തിരിക്കും,
തിരിച്ചുവന്നില്ലെങ്കിൽ,
തിരക്കു നിങ്ങളെ
സമ്മതിച്ചില്ലെങ്കിൽ,
മനസ്സിന്റെ
ഉള്ളറയിലവൻ
ചുരുണ്ടുകൂടും,
നാഴികകൾ
കടന്നുപോകെ,
തണുത്തമണ്ണിലവൻ
കമിഴ്ന്നു കിടക്കും
രാവറിയാതെ
ഏങ്ങലടിക്കും,
വിരൽതുമ്പിലെങ്കിലുമൊന്നു
സ്പർശിച്ചില്ലെങ്കിൽ
നിന്റെ പത്തടിയകലത്തിൽ
അയാൾ
ഓർമ്മയാകും !!!
കഥകളില്ലാത്തപ്പോൾ
നിനക്കു പറയാൻ
അയാളൊരു
കഥാപാത്രമാകും.
#മിടയിറക്കുക=
ഉമിനീരിറക്കുക
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
