തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവച്ചേക്കുമെന്ന് സൂചന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്ന സാഹചര്യത്തിൽ രഞ്ജിത്ത് രാജിവെക്കണമെന്നുള്ള ആവശ്യമുയർന്നിരുന്നു. 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
രഞ്ജിത്തിനെതിരേയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജി വയ്ക്കാനൊരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ. രഞ്ജിത്തിനെതിരേയുള്ള നിയമനടപടിയുമായി ബന്ധപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രഞ്ജിത്ത് പ്രഗത്ഭനായ കലാകാരനാണെന്നും നടി പരാതിയുമായി മുന്നോട്ടുവന്നാല്‍ നിയമാനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.
അതേസമയം, ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന പദവി രഞ്ജിത്ത് നിര്‍വഹിക്കുന്നത്. പാര്‍ട്ടിയാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തണമോയെന്ന കാര്യം ആലോചിക്കേണ്ടത്. ആരോപണത്തില്‍ എന്തെങ്കിലും വസ്തുത ഉണ്ടെങ്കില്‍ സിപിഎം എന്ന പാര്‍ട്ടി പരിശോധിക്കാതെ ഇരിക്കില്ലല്ലോ. ആ കാര്യത്തില്‍ രാഷ്ട്രീയമായ തീരുമാനം അപ്പോള്‍ ഉണ്ടാകും', സജി ചെറിയാന്‍ പറഞ്ഞു.